സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂരിലെ കുടുംബക്കോടതി പരിസരത്ത് വലവിരിച്ച് സെക്സ് റാക്കറ്റ്. വിവാഹമോചനക്കേസുകളിൽപ്പെടുന്ന യുവതികൾക്ക് നിയമസഹായം നൽകാമെന്ന വ്യാജേനയാണ് സംഘം യുവതികളെ വലയിലാക്കുന്നത്.
വിവാഹമോചനക്കേസുകളുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തുന്ന യുവതികളെ പല തവണ നിരീക്ഷിച്ചതിനു ശേഷമാണ് സംഘം സമീപിക്കുന്നത്. യുവതികളുടെ ഒപ്പം കുടുംബക്കാർ ഉൾപ്പെടെയുള്ള ആളുകൾ ഇല്ലെങ്കിൽ സൗഹൃദം നടിച്ചെത്തും.
നിയമസഹായവുമായാണ് സംഘം ആദ്യം യുവതികളെ സമീപിക്കുന്നത്. ഭർത്താവിന്റെ അടുക്കൽനിന്ന് കൂടുതൽ തുക നഷ്ടപരിഹാരമായി മേടിച്ചു തരാമെന്നും ഇതിനു പറ്റിയ അഭിഭാഷകർ തങ്ങളുടെ കൂടെയുണ്ടെന്നും ഇവർ അറിയിക്കും.
യുവതി വലയിൽ വീണാൽ താമസ സൗകര്യം ഉൾപ്പെടെ സംഘം ഏർപ്പാടാക്കും. പിന്നീട്, സംഘത്തിന്റെ ആവശ്യത്തിനനുസരിച്ച് യുവതികളെ ഉപയോഗിക്കും.
അഴീക്കോട് സ്വദേശിനിയും ഇപ്പോൾ താവക്കരയിൽ താമസിക്കുന്നതുമായ യുവതിയുടെ നേതൃത്വത്തിലാണ് കുടുംബക്കോടതി കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നത്.
കണ്ണൂർ നഗരത്തിലെ ചില ഉന്നതരുടെ പണം പലിശയ്ക്ക് കൊടുക്കുന്നതും ഈ യുവതിയുടെ നേതൃത്വത്തിലാണ്. റിയൽ എസ്റ്റേറ്റ് അടക്കമുള്ള ബിസിനസ് ഈ യുവതിയുടെ പേരിൽ നഗരത്തിലെ ഉന്നതർ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം എടക്കാട് സ്വദേശിനിക്ക് ഭർത്താവിന്റെ മർദ്ദനമേറ്റിരുന്നു. സംഭവത്തിൽ ഭർത്താവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂർ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്.