സ്വന്തം ലേഖകൻ
തലശേരി: കേരളത്തിലുടെനീളം പിടിമുറുക്കിയ സെക്സ് മാഫിയക്കായി ഇരകളെ വീഴ്ത്താൻ കുടുംബകോടതി പരിസരങ്ങളിൽ ഏജന്റുമാർ രംഗത്ത്. വിവാഹ മോചനക്കേസുകളിൽ മൊഴി മാറ്റിക്കാനും ഒത്തു തീർപ്പിനുമായി ഏജന്റുമാരും സജീവം.
ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു വിരമിച്ച കുടുംബ കോടതി ജഡ്ജ് സർക്കാരിനു കത്തയച്ചു.
വരുതിയിലാക്കുന്നവർ
ബന്ധങ്ങൾ തകർന്നു കുടുംബ കോടതികളിൽ കേസ് നടത്തുന്ന വീട്ടമ്മമാരെയും മക്കളെയും വലയിൽ വീഴ്ത്തുന്ന വിപുലമായ ശൃംഖലയാണ് കോടതി പരിസരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്നതന്നാണ് റിപ്പോർട്ട്.
കേസുകൾക്കായി എത്തുന്ന യുവതികളെ ആസൂത്രിതമായ നീക്കത്തിലൂടെ പരിചയപ്പെടുകയും സഹായികളായി മാറുകയും ചെയ്ത ശേഷം തങ്ങളുടെ വരുതിയിൽ വരുത്തുകയാണ് ഈ സംഘം ചെയ്തു വരുന്നത്.
കുടുംബ കോടതിയിൽ
ഇത്തരത്തിൽപെട്ട ഒരു സംഭവവുമായി ബന്ധപ്പെട്ടു തലശേരി കോടതിയിൽ അനിഷ്ട സംഭവങ്ങളും അരങ്ങേറിയിരുന്നു. മോട്ടോർ വാഹനാപകട കേസുകൾ പിടിക്കാൻ ഏജന്റുമാർ ഓടുന്നത് പതിവായിരുന്നു.
എന്നാൽ, ഇപ്പോൾ കുടുംബ കോടതി കേസുകൾ പിടിക്കാനും ചിലർ നെട്ടോട്ടം ഓടുന്നത് ദുരൂഹത പടർത്തുന്നതായി ഒരു മുതിർന്ന അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതിനെത്തുടർന്ന് വിവാഹ മോചനം തേടാനെത്തിയ യുവതിയുടെ ഹരജി ഫയൽ ചെയ്യാൻ മിനിറ്റുകൾ ബാക്കി നിൽക്കെ അപ്രതീക്ഷിത നീക്കത്തിലൂടെ ഹർജി അടങ്ങിയ ഫയൽ മറ്റൊരാളുടെ കൈവശം എത്തിയതും അഭിഭാഷകർക്കിടയിൽ സംസാര വിഷയമാണ്.