കോട്ടയം: കോട്ടയത്തെ പെണ്‍വാണിഭ കേന്ദ്രത്തിലെ ആക്രമണത്തിനു പിന്നിലുള്ള കാരണം വരുമാനത്തർക്കം.കേസിൽ രണ്ടുപേർ അറസ്റ്റിലായെങ്കിലും പിടികൂടാനുള്ള 12 പേരടങ്ങുന്ന ഗുണ്ടാ സംഘത്തിനു വേണ്ടിയുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പൊൻകുന്നം കോയിപ്പള്ളി പുതുപ്പറന്പിൽ അജ്മൽ, മല്ലപ്പള്ളി വായ്പ്പൂര് കുഴിക്കാട്ട് സുലേഖ (ശ്രുതി) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിനു നേതൃത്വം നല്കി ഗുണ്ടാ സംഘത്തിൽപ്പെട്ടവർ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ പോയിരിക്കുകയാണ്. ചിലർ ഒളിവിൽ കഴിയുന്ന സ്ഥലങ്ങളെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
ഒരുമിച്ചുണ്ടായിരുന്നപ്പോൾ സംഘത്തിനു ദിവസേന വലിയ തോതിലാണ് വരുമാനം ലഭിച്ചിരുന്നത്. എന്നാൽ പിരിഞ്ഞതോടെ വരുമാനം കുറയുകയും ഇവർ തമ്മിൽ കുടിപ്പക ഉണ്ടാവുകയും ചെയ്തു. അറസ്റ്റിലായവരും ആക്രമിക്കപ്പെട്ടവരും ഒരുമിച്ചാണ് കോട്ടയത്ത് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്.
വരുമാനം പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഏതാനും നാളുകൾക്കു മുന്‍പ് സംഘം രണ്ടായി പിരിഞ്ഞു.ശ്രുതിയും രണ്ടാം ഭർത്താവ് മാനസും ചേർന്നു മാങ്ങാനത്ത് പുതിയ പെണ്‍വാണിഭ കേന്ദ്രം ആരംഭിച്ചു.
ആക്രമണ സമയത്ത് കോട്ടയം ചന്തക്കടവിലെ വീട്ടിലുണ്ടായിരുന്ന ജ്യോതി, ഷിനു, പരിക്കേറ്റ ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസ്, അമീർഖാൻ എന്നിവർ ചേർന്നു കോട്ടയത്ത് ചന്തക്കടവിൽ പുതിയ കേന്ദ്രം തുടങ്ങുകയായിരുന്നു.
പഴയ കന്പനിയിലെ ബന്ധങ്ങൾ ഉപയോഗിച്ചു ഇടപാടുകാരെ ഇവർ പുതിയ കേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു. സിനിമകളിൽ ജൂണിയർ ആർട്ടിസ്റ്റായിരുന്ന ജ്യോതിയുടെ ബന്ധങ്ങൾ ഉപയോഗിച്ചു സുന്ദരികളായ യുവതികളെ ഇവർ പുതിയ കന്പനിയിലേക്കു എത്തിക്കുകയും കൂടുതൽ വരുമാനം ഉണ്ടാക്കുകയും ചെയ്തു.
ഇതോടെ ശ്രുതിയുടെയും മാനസിന്റെയും നേതൃത്വത്തിലുള്ള പെണ്‍വാണിഭ സംഘത്തിനു കാര്യമായി ബിസിനസ് ഉണ്ടായില്ല. പഴയ ഇടപാടുകാർ പലരെയും ഇവർ ബന്ധപ്പെട്ടെങ്കിലും കാര്യമായ ബിസിനസ് ലഭിച്ചില്ല.ഇതിനു പുറമേ പെണ്‍വാണിഭ കേന്ദ്രങ്ങളിൽ എത്തിയിരുന്ന സ്്ത്രീകൾക്ക് കൂടുതൽ പ്രതിഫലം നല്‍കേണ്ട സാഹചര്യവുമുണ്ടായി.
രണ്ടു സംഘങ്ങളും സ്ത്രീകൾക്ക് കൂടുതൽ പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. തർക്കം രൂക്ഷമായതോടെയാണ് തിരുവനന്തപുരത്തുള്ള സംഘത്തിനു ക്വട്ടേഷൻ നല്‍കിയത്.കോട്ടയം ചന്തക്കടവിലെ പെണ്‍വാണിഭ കേന്ദ്രത്തിനു സുരക്ഷ ഒരുക്കിയിരുന്നതും തിരുവനന്തപുരത്തുള്ള ക്വട്ടേഷൻ സംഘമായിരുന്നു.
ഈ സംഘത്തിൽപ്പെട്ടവർ ഇല്ലാതിരുന്ന സമയം നോക്കിയാണ് മറ്റൊരു തിരുവനന്തപുരം സംഘമെത്തി ആക്രമണം നടത്തിയത്.മുന്‍പും ഈ സംഘങ്ങൾ തമ്മിൽ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നു അമീർഖാന്റെ നേതൃത്വത്തിൽ ശ്രുതിയുടെ സംഘത്തെ മർദിച്ചിരുന്നു.
പക്ഷേ മർദവും ആക്രമണവും ഇത്രയും ഗുരുതരമായിരുന്നില്ല. അതിനാൽ സംഭവം പുറത്തറിഞ്ഞിരുന്നില്ല. ആക്രമണത്തിന് ഇരയായവർ പോലും സഹകരിക്കാതിരുന്ന കേസിൽ പോലീസിനു നിർണായകമായത് ഇവർ തമ്മിലുള്ള ഫോണ്‍ കോൾ വിവരങ്ങളായിരുന്നു.
കോട്ടയം ഡിവൈഎസ്പി അനിൽകുമാർ, വെസ്റ്റ് എസ്എച്ചഒ കെ.എസ്. വിജയൻ, എസ്ഐ റിൻസ് എം. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.