വീട്ടില്‍ ഊണ് എന്ന പേരില്‍ അനാശാസ്യം നടത്തിയിരുന്ന സംഘം പോലീസിന്റെ പിടിയിലായി. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതംഗ സംഘമാണ് കൊട്ടിയത്ത് അറസ്റ്റിലായത്. കടയുടമ ഇരവിപുരം സ്വദേശി അനസ്(33), വാളത്തുംഗല്‍ സ്വദേശി ഉണ്ണി(28) ആദിച്ചനല്ലൂര്‍ സ്വദേശി അനന്തു (24), മങ്ങാട് സ്വദേശി വിപിന്‍രാജ് (25), തങ്കശ്ശേരി കോത്തലവയല്‍ സ്വദേശി രാജു (46), പാലക്കാട് നെന്മാറ കൈതാടി സ്വദേശി വിനു (28) എന്നിവരും കടയുടമയുടെ ഭാര്യ അടക്കം മൂന്ന് സ്ത്രീകളുമാണ് പിടിയിലായത്. ഇവരെ ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കി.
കൊട്ടിയം സിതാര ജംഗ്ഷന് സമീപം കട വാടകയ്ക്ക് എടുത്താണ് ഇവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നത്. ഒരു മാസമായി സംഘം പ്രവര്‍ത്തിച്ച് വരികയായിരുന്നു. വലിയ തുക നല്‍കിയാണ് കട വാടകയ്ക്ക് എടുത്തത്. തുടര്‍ന്ന് രാത്രിയിലും പകലും ഭക്ഷണ സൗകര്യം ഒരുക്കുകയും ഒപ്പം അനാശാസ്യ പ്രവര്‍ത്തനം നടത്തി വരികയുമായിരുന്നു സംഘം. പുരുഷനും സ്ത്രീയും എത്തിയാല്‍ മുറിയും മറ്റ് സൗകര്യങ്ങളും ഇവര്‍ നല്‍കും.
പോലീസ് റെയ്ഡ് നടത്തിയ സമയം ഹോട്ടല്‍ മുറികളില്‍ ഉണ്ടായിരുന്നവരാണ് പിടിയിലായത്. രാത്രിയും പകലും സാധാരണയില്‍ കവിഞ്ഞ് ആളുകളെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരില്‍ ചിലര്‍ സിറ്റി പൊലീസ് കമ്മിഷണറെ വിവരം അറിയിക്കുകയായിരുന്നു. കമ്മിഷണര്‍ നിയോഗിച്ച ഷാഡോ പൊലീസ് രഹസ്യ നിരീക്ഷണം നടത്തിയ ശേഷം കൊട്ടിയം പൊലീസുമായെത്തി റെയ്ഡ് നടത്തിയാണ് അനാശാസ്യം നടത്തി വന്ന സംഘത്തെ പൊക്കിയത്.