തിരുവനന്തപുരം: വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തി വരികയായിരുന്ന സംഘം പോലീസ് പിടിയിൽ. പെണ്‍വാണിഭ നടത്തിപ്പുകാരി ഉൾപ്പെടെ ഒൻപത് പേരെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായതിൽ അഞ്ച് സ്ത്രീകളും നാല് പുരുഷൻമാരും ഉൾപ്പെടുന്നു.
നെടുമങ്ങാട് സ്വദേശിനി താത്ത എന്ന് വിളിയ്ക്കുന്ന നസീമ (55), ഇവരുടെ സഹായി നെടുമങ്ങാട് ചെറുമുക്ക് സ്വദേശി സലിംഖാൻ (49), ഇടപാടുകാരായ നെടുമങ്ങാട് സ്വദേശി കിഷോർ, തന്പാനൂർ സ്വദേശി ജയകുമാർ, പേരൂർക്കട സ്വദേശി വിനീഷ്, പെണ്‍വാണിഭത്തിനെത്തിച്ച കർണാടക സ്വദേശിനികളായ മൂന്ന് യുവതികളെയും എറണാകുളം സ്വദേശിനിയായ ഒരു യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്ന് ബൈക്കുകളും പത്ത് മൊബൈൽ ഫോണുകളും നിരവധി സിംകാർഡുകളും, ഐപാഡുകളും 28000 രൂപയും പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഷാനിഖാൻ, പേട്ട സിഐ. സുരേഷ് വി നായർ, എസ്ഐമാരായ ചന്ദ്രബോസ്, സുവർണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വീട് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.
മൊബൈൽ ഫോണിലൂടെയാണ് ഇവർ ഇടപാടുകാരെ വീട്ടിൽ എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. നസീമയാണ് പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയെന്ന് പോലീസ് പറഞ്ഞു. ഇവർക്കെതിരെ സമാന സംഭവത്തിൽ വഞ്ചിയൂർ, തന്പാനൂർ, കന്റോണ്‍മെന്റ്, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.