ബ്രിട്ടനില്‍ ഫാഷനായി പടരുന്ന ലിംഗമാറ്റ ശസ്ത്രക്രിയ നിരവധി മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ആഗ്രഹിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തി അതിനുള്ള സാഹചര്യമൊരുക്കുന്ന വിപ്ലവകരമായ നീക്കവുമായി യുകെ ഗവണ്മെന്റ് രംഗത്തെത്തിയതോടെ ഇനി ആര്‍ക്കും ഒരു പേടിയും കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് വിധേയമാകാമെന്ന സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. ഇത് പ്രകാരം ആര്‍ക്കെങ്കിലും ലിംഗം മാറണമെന്ന് തോന്നിയാല്‍ ഇനി മുതല്‍ വീട്ടുകാരെ പേടിക്കേണ്ട ആവശ്യം വരില്ല. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വീട്ടുകാര്‍ എതിര് നില്ക്കുന്ന സാഹചര്യത്തില്‍ ഇത്തരം കുട്ടികളെ കൗണ്‍സിലുകള്‍ ഏറ്റെടുത്ത് അതിനുള്ള സാഹചര്യമൊരുക്കിക്കൊടുക്കാന്‍ തുടങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം.
യുകെയില്‍ ലിംഗമാറ്റം ഫാഷനായി പടരുമ്പോള്‍ അതില്‍ മാതാപിതാക്കള്‍ കടുത്ത രീതിയിലാണ് ആശങ്കപ്പെടുന്നത്. രാജ്യത്ത് ലിംഗമാറ്റ വളര്‍ച്ച 4000 ശതമാനമാണ് പെരുകിയിരിക്കുന്നത്.തങ്ങള്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന് തിരിച്ചറിയുന്ന കുട്ടികളുടെ എണ്ണത്തില്‍ യുകെയില്‍ മുമ്പില്ലാത്ത വിധം പെരുപ്പമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരക്കാര്‍ അധികം വൈകാതെ സര്‍ജറിക്ക് വിധേയരാവുകയും ചെയ്യുന്നുണ്ട്. ഇത്തരം ഭൂരിഭാഗം കേസുകളിലും കുട്ടികളുടെ മാതാപിതാക്കള്‍ ഈ വിധത്തിലുള്ള ലിംഗമാറ്റത്തെ കടുത്ത രീതിയില്‍ എതിര്‍ക്കുകയാണ് ചെയ്യുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് സര്‍ജറിയ്ക്ക് അവസരമൊരുക്കുകയാണ് കൗണ്‍സിലുകള്‍ ചെയ്യുന്നത്.
നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലേക്ക് ജെന്‍ഡര്‍ റീഅസൈന്മെന്റിനായി റഫര്‍ ചെയ്യപ്പെടുന്നവരുടെ എണ്ണത്തില്‍ 1000 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നതെന്നാണ് ഗവണ്മെന്റ് നടത്തിയ അന്വേഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്.തങ്ങളുടെ കുട്ടികള്‍ക്ക് ലിംഗത്തെക്കുറിച്ചുണ്ടാകുന്ന ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും പരിഹാരമായി യാതൊന്നും ചെയ്യാനാവില്ലെന്ന് വിശ്വസിക്കുന്നവരാണ് യുകെയിലെ ഭൂരിഭാഗം മാതാപിതാക്കളും. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടുന്ന തങ്ങളുടെ കുട്ടികള്‍ ലിംഗമാറ്റ ശസ്ത്രക്രിയക്കായി മുന്നിട്ടിറങ്ങുമ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കാനും മിക്ക രക്ഷിതാക്കള്‍ക്കും സാധിക്കുന്നില്ല. നിലവില്‍ ഇതിനായി കൗണ്‍സിലുകളുടെയും ഗവണ്മെന്റിന്റെയും പിന്തുണ കൂടി ലഭിക്കുന്നതോടെ രക്ഷിതാക്കളുടെ എതിര്‍പ്പ് ദുര്‍ബലമായി പോവുകയാണ്.
ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ ലഭിക്കുന്നതിനായി ഡെയിലി മെയില്‍ പത്രം ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റ് കൗണ്‍സിലുകള്‍ക്ക് മുന്നില്‍ വച്ചിരുന്നു. തല്‍ഫലമായി വിവിധ കൗണ്‍സിലുകള്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഈ വിധത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങിയതിന്റെ പേരില്‍ കുടുംബങ്ങളുടെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്ന രണ്ട് കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്നും തങ്ങള്‍ ഏറ്റെടുത്തിരുന്നുവെന്ന് ലണ്ടനിലെ ഹില്ലിങ്ടണ്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഈ കുട്ടികളെ ഫോസ്റ്റര്‍ ഹോമുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഇതേ പോലെ കുറച്ച് കുട്ടികളെ തങ്ങളും ഏറ്റെടുത്തിട്ടുണ്ടെന്നാണ് ഈലിംഗിലെ ഒരു കൗണ്‍സിലും വെളിപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ നിരവധി കൗണ്‍സിലുകള്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്കാന് തയ്യാറായിട്ടില്ല. തങ്ങളുടെ കുട്ടികള്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നതില്‍ രക്ഷിതാക്കള്‍ക്ക് ശിക്ഷാഭീതി കൂടാതെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം വേണമെന്നാണ് ട്രാന്‍സ്ജെന്‍ഡര്‍ ട്രെന്റ് എന്ന സംഘടനയുടെ സ്ഥാപകനായ സ്റ്റെഫാനി ഡേവീസ് അരായ് ആവശ്യപ്പെടുന്നത്. ഇത്തരത്തിലുള്ള ലിംഗമാറ്റ ശസ്ത്രക്രിയകളില്‍ ആശങ്കപ്പെടുന്ന രക്ഷിതാക്കളെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്. എന്തായാലും ബ്രിട്ടനിലെ പുതുതലമുറയെ ഒരു ഫാഷനായി ബാധിച്ചിരിക്കുകയാണ് ഇത്.