കൊച്ചി: പുതിയ സിനിമകളുടെ വ്യാജ പതിപ്പ് പകര്‍ത്തി നല്‍കിയതിനു പോലീസ് ഇന്നലെ അറസ്റ്റു ചെയ്ത തമിഴ്‌നാട് സ്വദേശി മുനിയപ്പന്‍ (28) ലക്ഷ്യമിട്ടിരിന്നത് വിദ്യാര്‍ഥികളെയും ഇതരസംസ്ഥാനത്തൊഴിലാളികളെയും. എറണാകുളം പെന്റാമേനകയില്‍ ഗെയിം സിറ്റി എന്ന സ്ഥാപനം നടത്തുകയായിരുന്നു മുനിയപ്പന്‍. കടയിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്നത് ഇയാളുടെ സ്ഥിരം ഇടപാടായിരുന്നു. അതിനാല്‍ തന്നെ ഇയാളുടെ കടയില്‍ നല്ല തിരക്കായിരുന്നു.
വിദ്യാര്‍ഥികള്‍ക്കും ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കും ഇയാള്‍ പുതിയ സിനിമകളും അശ്ലീല ചിത്രങ്ങളും പകര്‍ത്തി നല്‍കുമായിരുന്നു. ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് പാട്ടുകള്‍ കയറ്റി നല്‍കുക എന്ന വ്യാജേനയാണ് ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയിരുന്നത്. വിദ്യാര്‍ഥികള്‍ക്കും ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ നല്‍കിയതായി വിവരമുണ്ട്.
പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഇയാളില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. ഒപ്പം, ഊഴം, ജനത ഗാരേജ് എന്നീ പുതിയ സിനിമകള്‍ ഉള്‍പ്പെടെ നിരവധി സിനിമകളുടെ വ്യാജ പകര്‍പ്പ് കംപ്യൂട്ടറില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തി. ആവശ്യക്കാര്‍ക്ക് സിഡി, മൊബൈല്‍, പെന്‍ഡ്രൈവ് എന്നിവയില്‍ അശ്ലീല ചിത്രങ്ങളും സിനിമകളും പകര്‍ത്തിക്കൊടുക്കും.
കൗമാരാക്കാരായ നിരവധി കുട്ടികള്‍ കടയില്‍ എത്തുന്നതില്‍ സംശയം തോന്നിയവരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി, സെന്‍ട്രല്‍ സിഐ എ. അനന്തലാല്‍, എസ്‌ഐ എസ്. വിജയശങ്കര്‍, എഎസ്‌ഐമാരായ ഡി. ദീപു, മിഥുന്‍, സീനിയര്‍ സിപിഒ മാര്‍ഷല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.