കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തില്‍ ഗ്രൂപ്പിലെ അംഗങ്ങളും മറ്റ് ഗ്രൂപ്പുകളും നിരീക്ഷണത്തിലെന്ന് പോലീസ്.
സംഭവത്തില്‍ പോലീസ് പിടിയിലായ പ്രതികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പോക്സോ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടുകള്‍ പ്രകാരം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വീഡിയോ പോസ്റ്റ് ചെയ്ത ആളും ഗ്രൂപ് അഡ്മിനുമാണ് അറസ്റ്റിലായത്.
തൃശൂര്‍ ദേശമംഗലം കൂട്ടുപാത സുരേഷ് നിവാസില്‍ എന്‍.കെ. സുരേഷ് (55), ചേര്‍ത്തല അര്‍ത്തുങ്കല്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.ബി. മാനുവല്‍ (കിരണ്‍ 23) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്.
പോണ് വീഡിയോകള്‍ പ്രചരിപ്പിക്കുന്ന നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായ സുരേഷിന്റെ നിര്‍ദേശപ്രകാരമാണു “കിരണ്‍ ഫ്രണ്ട്സ്’ എന്ന പേരില്‍ ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഒന്നര വര്‍ഷം മുമ്പ് ക്രിയേറ്റ് ചെയ്തതെന്നും ഇരുവര്‍ക്കും പുറമേയുള്ള മറ്റ് അഡ്മിന്മാരെയും ഗ്രൂപ്പിലെ അംഗങ്ങളെയും അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
ഗ്രൂപ്പില്‍ അംഗങ്ങളായ എല്ലാവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവര്‍ അംഗങ്ങളായ മറ്റ് ഗ്രൂപ്പുകളും സമാന രീതിയില്‍ പോണ് വീഡിയോസ് പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധിപേര്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളായുണ്ട്. സമൂഹത്തില്‍ മാന്യരായ പലരും ഈ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്ലാനറ്റ് റോമിയോ എന്ന വെബ്സൈറ്റില്‍നിന്നാണ് സമാനസ്വഭാവമുള്ള വ്യക്തികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കി ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യുന്നതെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിലെ അംഗങ്ങളില്‍ പലരും നേരിട്ട് പരിചയമുള്ളവരോ, നേരിട്ട് കണ്ടിട്ടുള്ളവരോ അല്ലെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നു വ്യക്തമായിട്ടുണ്ട്.
കൊച്ചി സൈബര്‍ ഡോമിന്റെയും കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെയും സഹായത്തോടെ ഊര്‍ജിത അന്വേഷണമാണ് നടന്നുവരുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയുടെ നിര്‍ദേശാനുസരണം എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കര്‍, എസ്ഐമാരായ വിപിന്‍ കുമാര്‍, കെ.എക്സ്. തോമസ്, എബി, മനോജ് (സൈബര്‍ സെല്‍), എഎസ്ഐ ഷാജി, സീനിയര്‍ സിപിഒമാരായ അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ് തുടങ്ങിയവരാണ് അന്വേഷണ സംഗത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.