പറവൂർ: വീട്ടമ്മയും 48കാരനും തമ്മിലുള്ള അവിഹിതബന്ധം കാമറയിൽ പകർത്തി ദൃശ്യങ്ങൾ പുറത്താക്കുമെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസിൽ പറവൂർ പോലീസിന്റെ പിടിയിലായ പ്രതികളെ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്പാകെ ഹാജരാക്കി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
പറവൂർ വഴിക്കുളങ്ങര കുര്യാപ്പിള്ളി വീട്ടിൽ കൊക്ക് മനോജ് എന്ന മനോജ് (38), പറവൂർ ചില്ലിക്കൂടം ക്ഷേത്രത്തിനു സമീപം കളത്തിപ്പറന്പിൽ പ്രമോദ് ഗോപാലൻ (48) എന്നിവരാണ് റിമാൻഡിലായത്.
നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന മന്നം സ്വദേശിനിയായ വീട്ടമ്മയുമായി മനോജ് അടുപ്പത്തിലായിരുന്നു. വീട്ടമ്മ താമസിച്ചിരുന്ന ഫ്ലാറ്റിൽതന്നെ മറ്റൊരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്നു മനോജ്. യുവതിക്കും കുടുംബത്തിനും ഫ്ലാറ്റ് എടുത്തുകൊടുത്തതും മനോജായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് മനോജ് യുവതിയുമായി അടുപ്പത്തിലായത്. ഭർത്താവില്ലാത്ത സമയത്ത് മനോജുമായി യുവതി പലപ്രാവശ്യം ബന്ധപ്പെട്ടിരുന്നു.
ഇതിനിടയിൽ മനോജിന്റെ സുഹൃത്തായ പ്രമോദിനെയും യുവതിക്കു പരിചയപ്പെടുത്തി. ഇതിനിടെ യുവതിയുമായി മനോജ് അവിഹിതബന്ധത്തിൽ ഏർപ്പെടുന്നത് പ്രമോദിനെക്കൊണ്ട് കാമറയിൽ പകർത്തിപ്പിച്ചു. ഈ വീഡിയോ ഉപയോഗിച്ച് കേസിൽ രണ്ടാംപ്രതിയായ പ്രമോദ് യുവതിയെ വശത്താക്കിയെന്നും പോലീസ് പറയുന്നു. ഇക്കാര്യങ്ങൾ മനോജും കാമറയിൽ പകർത്തി.
ബാങ്ക് വായ്പയ്ക്കു അപേക്ഷ നൽകി കാത്തിരുന്ന മനോജ് എളുപ്പത്തിൽ വായ്പ നേടിയെടുക്കുന്നതിനായി യുവതിയെ കാഴ്ചവെയ്ക്കാൻ ശ്രമിച്ചു. ഇതിന് യുവതി വഴങ്ങിയില്ല. തുടർന്ന് മനോജിന്റെ അടുപ്പക്കാരിയായ ലേഡീസ് വസ്ത്രസ്ഥാപനം നടത്തുന്ന യുവതിയെ സമീപിച്ച് കാമറയിൽ പകർത്തിയ അനാശാസ്യരംഗങ്ങൾ ഇവരുടെ കൈവശം കൊടുത്ത് ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. ഭീഷണി വർധിച്ചതോടെ യുവതി ഭർത്താവിനെ വിവരം ധരിപ്പിച്ചു. ഭർത്താവ് പറവൂർ സിഐക്കു പരാതി നൽകി. തുടർന്നു നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ബലാൽസംഗം ചെയ്തതിനും രംഗങ്ങൾ കാമറയിൽ പകർത്തിയതിനും ഐടി ആക്ട് അനുസരിച്ചാണ് കേസ്. വസ്ത്രസ്ഥാപന ഉടമയായ യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്. പറവൂർ സിഐ ക്രിസ്പിൻ സാം, എസ്ഐ കെ.എ. സാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.