ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാക്കിയതിനു തൊട്ടുപിന്നാലെ സിറ്റിംഗ് എംപിയുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിച്ചു. ഉത്തർപ്രദേശിലെ ബരാബങ്കി എംപിയായ ഉപേന്ദ്ര സിംഗ് റാവത്തിന്റെ അശ്ലീല വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ സീറ്റിൽനിന്നുതന്നെയാണ് എംപി വീണ്ടും ജനവിധി തേടുന്നത്.
എംപിയുടെ സ്ത്രീയ്ക്കൊപ്പമുള്ള ദൃശ്യങ്ങൾ ഇന്നലെയാണു പ്രചരിച്ചത്. എംപിയുടെ പേഴ്സണൽ സെക്രട്ടറി ദിനേശ് ചന്ദ്ര റാവത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസ് കേസെടുത്തു.
ഉപേന്ദ്രി സിംഗിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചശേഷം എംപിയുടെ പ്രതിച്ഛായ മോശമാക്കാൻ വേണ്ടി ചിലർ ചെയ്തതാണ് സംഭവമെന്നാണ് എഫ്ഐആറിൽ പറയുന്നത്. വ്യാജ അശ്ലീല വീഡിയോ പ്രചരിച്ചവരെ ഉടൻ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉപേന്ദ്ര സിംഗ് പറഞ്ഞു.
ആദ്യഘട്ടമായി 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടം നേടി.