രാത്രികാലങ്ങളില് പുറത്തിറങ്ങുന്നവരാണോ നിങ്ങള് … എന്നാല് വഴിയരികില് ഇവരെ കണ്ടിട്ടുണ്ടാകും. മിന്നുന്ന സാരിയുടത്ത് മദാലസകളായി വഴിയരികില് പെണ് വേഷം കെട്ടിനില്ക്കുന്നവര്…സെക്സ് വര്ക്കിനായി മാടി വിളിക്കുന്നവര് … വഴിയരികില് വച്ചുതന്നെ റേറ്റ് ഫിക്സ് ചെയ്യുന്നവര്…ഇതില് ട്രാന്സ്ജെന്ഡറുകളുണ്ട്, അല്ലാത്തവരുമുണ്ട്.
പോലീസ് കണ്ടാലും കണ്ടില്ലെന്നു നടിക്കും. ഇടപെട്ടാല് പൊല്ലാപ്പായി…കേസായി. പക്ഷെ ഇടപെട്ടില്ലെങ്കിലോ ഇത് നയിക്കുന്നത് വലിയ സുരക്ഷാ പ്രശ്നങ്ങളിലേക്കും. സെക്സ് വര്ക്കിനായി എത്തുന്നവര് പണം തട്ടിയെടുത്തു, മാല പറിച്ചുകൊണ്ടുപോയി, മാന്തി, പിച്ചി… പരാതിയുടെ പ്രളയം.
കോഴിക്കോടു നിന്നുമാത്രം രണ്ടാഴ്ചയ്ക്കിടെ രണ്ടു പരാതികളാണ് ഉണ്ടായത്. മാനം ഭയന്ന് പുറത്തുപറയാത്തവരും ഏറെ. സത്യം പറഞ്ഞാല് രാത്രികാലങ്ങളില് കുടുംബസമേതം പുറത്തിറങ്ങാന് പോലും കഴിയാത്ത അവസ്ഥയാണ് ഇത്തരക്കാരെ കൊണ്ടെന്ന പരാതിവേറെ.
തൊട്ടാല് പെട്ടു, തൊട്ടില്ലെങ്കിലോ
ട്രാന്സ് ജെന്ഡര്മാരെല്ലാവരും സെക്സ് വര്ക്കര്മാരാണെന്നല്ല പറഞ്ഞു വരുന്നത്. കോഴിക്കോട്ടെ കാര്യം തന്നെ എടുക്കാം..സ്മശാനം റോഡ് പരിസരത്ത് രാത്രി ഇവരുടെ സ്ഥിരം താവളമാണ്.
ഒന്നല്ല രണ്ടും മൂന്നുംപേര്, കണ്ണൂര് റോഡില് വേറെ. റെയില്വേ സ്റ്റേഷന് ലിങ്ക് റോഡ് , ജയലക്ഷമി പരിസരം, പുതിയ ബസ്സ്റ്റാന്ഡ്, മുതലക്കുളം ബസ് സ്റ്റോപ്പിന് എതിര്വശം …പറഞ്ഞാല് തീരില്ല…
നഗരത്തിലെ രാത്രികളാണ് ഇവര് തങ്ങളുടെ വലിയ വരുമാനമാര്ഗമാക്കുന്നത്. വ്യാപാരികള്ക്കും പോലീസിനും ഇതറിയാം. എന്തെങ്കിലും ആയ്ക്കോട്ടെയെന്ന് ചിലര് വിചാരിക്കും. അങ്ങിനെ വിടാന് പറ്റില്ലല്ലോ എന്ന് മറ്റുള്ളവരും.
എന്തായാലും കോവിഡ് കാലത്തിനുംശഷം ആളുകള് പുറത്തിറങ്ങിയതോടെ ഈ തട്ടുപൊളിപ്പന് സ്ത്രീകളെ തേടി എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. പകല് മാന്യന്മാര് കാര്യം കഴിഞ്ഞുപോകും.
മറ്റുള്ളവര് അക്രമസ്വഭാവത്തിലേക്കും ഭീഷണിയിലേക്കും… സ്ഥിരം കാഴ്ചയായതോടെ തൊടാനും തൊടാതിരിക്കാനും പറ്റില്ലെന്ന അവസ്ഥയിലാണ് പോലീസ്. ഇവരുടെ സ്ഥിരം കേന്ദ്രങ്ങളിലേക്ക് പോലീസ് തിരിഞ്ഞുനോക്കാറില്ല.
വശീകരിക്കും, വേണമെങ്കില് ‘മരുന്നും’ തരും
കണ്ണൂര് നഗരത്തില് ട്രാന്സ് ജെന്സറുകളുടെ അക്രമത്തില് കണ്ണൂര് ടൗണ് പോലീസ് സ്റ്റേഷനിലെ പോലീസുകാരന് പരുക്കേറ്റ സംഭവം അടുത്ത കാലത്താണ് ഉണ്ടായത്.
ട്രാന്സ് ജെന്ഡര് വേഷം കെട്ടി മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്ന്ന് അന്വേഷിക്കാന് പോയ പോലീസ് സംഘത്തിനു നേരെയാണ് അക്രമം അഴിച്ചുവിട്ടത്.
രാത്രികാലങ്ങളില് മാര്ക്കറ്റ് റോഡ്, റെയില്വെസ്റ്റേഷന് പരിസരം, പഴയ ബസ് സ്റ്റാന്ഡ്, എസ്എന് പാര്ക്ക് റോഡ്, പുതിയ ബസ് സ്റ്റാന്ഡ് പരിസരം, ബാങ്ക് റോഡ്, ജില്ലാ ആശുപത്രിക്ക് പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര് തമ്പടിച്ചിരുന്നത്.
രാത്രികാലങ്ങളില് എത്തുന്നവരെ കൈമാടി വിളിച്ച് അടുത്തെത്തിച്ച ശേഷം കൈയ്യിലുള്ള സ്വര്ണവും പണവും ഇവര് പിടിച്ചു പറിക്കും.
ലൈംഗിക ചൂഷണ ഉദ്ദ്യേശത്തോടെയാണ് ഇവരെ പലരും സമീപിക്കുന്നത്. അതുകൊണ്ടു തന്നെ കൊളളയ്ക്ക് ഇരയാകുന്നവര് പരാതി പറയാന് മടിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
‘ഭായിമാരും പെട്ടു’പോകുന്നു
രാത്രികാലങ്ങളിലെ ഇത്തരക്കാരുടെ വിളയാട്ടത്തില് ഇതരസംസ്ഥാന തൊഴിലാളികളും പെട്ടുപോകുന്നുണ്ട്. പലരും അക്രമത്തിനിരയായാലും പരാതിപ്പെടാറില്ല.
ഹാന്സ് പാക്കറ്റുകളുമായാണ് ചിലര് ഇവരെ പ്രലോഭിപ്പിക്കുന്നത്. ഇതിനിടയില് പണവും പിടിച്ചുകുത്തി വാങ്ങും. ഭായിമാരേക്കാള് സ്ഥലമറിയാവുന്നരായതിനാല് മിണ്ടാതെ സ്ഥലം വിടും.
ഇത്തരം സംഭവങ്ങള് സമീപകാലത്തായി വര്ധിച്ചുവരുന്നതായി പോലീസ് പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ ലൈംഗികമായി പ്രലോഭിപ്പിച്ച് രഹസ്യ കേന്ദ്രങ്ങളിലെത്തിച്ചാണ് ഇവര് കൊള്ളയടിക്കുന്നത്.
അന്വേഷിച്ചാല് വാദി പ്രതിയാകും…
ട്രാന്സ് ജെന്ഡര് പരാതികളെക്കുറിച്ച് പോലീസ്
തന്റെ മാല മറ്റൊരാള് പിടിച്ചുപറിച്ചുവെന്നായിരുന്നു ഒരു ട്രാന്സ് ജെന്ഡര് കസബ പോലീസില് പരാതി നല്കിയത്.
കാറില് വച്ചായിരുന്നത്രെ സംഭവം. ഇത്തരം സംഭവങ്ങളെ കുറിച്ച് അന്വേഷിച്ചുപോകുമ്പോഴാണ് കൂടുതല്കാര്യങ്ങള് വ്യക്തമാകുകയെന്നും പരാതിക്കാര് തന്നെ ഒന്നാം പ്രതി ആകുന്ന അവസ്ഥയുണ്ടാകാറുണ്ടെന്നും പോലീസ് പറയുന്നു.
പരാതി നല്കാന് എത്തിയ ട്രാന്സ്ജെന്ഡറെ പോലീസ് ഉദ്യോഗസ്ഥന് അധിക്ഷേപിച്ചതായ പരാതിയാണ് ഏറ്റവും ഒടുവിലായി കോഴിക്കോട്ടുണ്ടായത്.
കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലെ സിഐ ജിജീഷിനെതിരെയാണ് ട്രാന്സ്ജെന്ഡറായ ദീപാറാണി സിറ്റി പോലീസ് കമ്മീഷണര്ക്ക് പരാതി നല്കിയത്.
ആണ്വേഷം കെട്ടിയതാണെന്നും ലൈംഗിക തൊഴിലാളിയെന്നും പറഞ്ഞ് സിഐ അധിക്ഷേപിച്ചെന്നാണ് ദീപാറാണിയുടെ ആരോപണം. ഫോണിലേക്ക് ഒരാള് വിളിച്ച് മോശമായി സംസാരിക്കുകയും പിന്നീട് വധഭീഷണി മുഴക്കുകയും ചെയ്തപ്പോള് ഇതില് പരാതി നല്കാനാണ് നടക്കാവ് പോലീസ് സ്റ്റേഷനില് എത്തിയതെന്ന് പരാതിയില് പറയുന്നു.
ട്രാന്സ്ജെന്ഡര് ആണെന്ന് മനസിലായപ്പോള് വിളിച്ചത് നിന്റെ കസ്റ്റമര് ആയിരിക്കുമെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. നീയൊക്കെ ആണും പെണ്ണും കെട്ടതല്ലേ സെക്സ് വര്ക്ക് ചെയ്യുന്നവരല്ലേ എന്ന് പറഞ്ഞ് അപമാനിച്ചുവെന്നാണ് പരാതിയില് പറയുന്നത്.
അതേസമയം സംഭവത്തില് വിശദീകരണവുമായി നടക്കാവ് പോലീസ് രംഗത്തെത്തി. ടൗണിലെ ട്രാന്സ്ജെന്ഡറുകള് പതിവായി ഇത്തരത്തിലുള്ള പരാതിയുമായി സമീപിക്കാറുണ്ട്.
എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്. എന്നാല് ദീപ റാണിയോട് ചില കാര്യങ്ങള് ചോദിച്ചപ്പോള് പ്രകോപനപരമായി പെരുമാറുകയായിരുന്നെന്ന് സിഐ അറിയിച്ചു.