ഡൽഹി: മകൾ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്ന വ്യാജ ഫോൺകോളിൽ മനംനൊന്ത് ആഗ്രയിലെ അധ്യാപിക ഹൃദയാഘാതത്തത്തുടർന്ന് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി ടെലികോം മന്ത്രാലയം. മൊബൈൽ നമ്പർ ഉപയോഗിച്ചുളള തട്ടിപ്പ് ഒഴിവാക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്നു മന്ത്രാലയം വ്യക്തമാക്കി.
അധ്യാപികയെ വിളിച്ച വാട്സാപ്പ് നമ്പർ റദ്ദാക്കി. പാക്കിസ്ഥാനിൽനിന്നുള്ള നമ്പറിലാണ് സന്ദേശം എത്തിയതെന്ന് പോലീസ് പറഞ്ഞു. ആഗ്രയിലെ സർക്കാർ സ്കൂൾ അധ്യാപികയായ മാലതി വർമയാണ് വ്യാജ ഫോൺകോളിൽ മനംനൊന്ത് മരിച്ചത്. തിങ്കളാഴ്ച മാലതിക്കെത്തിയ വാട്സാപ് കോളിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് ഉണ്ടായിരുന്നത്.
കോളജ് വിദ്യാർഥിനിയായ മകളെ സെക്സ് റാക്കറ്റ് സംഘത്തോടൊപ്പം പിടിച്ചെന്നായിരുന്നു സന്ദേശം. മകൾ സുരക്ഷിതയായി വീട്ടിൽ എത്തണമെങ്കിൽ ഒരു ലക്ഷം രൂപ അയാൾ പറയുന്ന അക്കൗണ്ടിലേക്ക് ഇടണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി മാലതി മകനോട് പറഞ്ഞു. പിന്നീട് മകൻ നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. എന്നാൽ സന്ദേശത്തെതുടർന്ന് പരിഭ്രാന്തയായ മാലതി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.