ആണ്‍സുഹൃത്തിനൊപ്പം സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന 20കാരിയെ പോലീസാണെന്ന വ്യാജേന ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു.
മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. വല്ലപ്പുഴ സ്വദേശി അബ്ദുള്‍ വഹാബ് (31), മട്ടാഞ്ചേരി സ്വദേശി സജു കെ സമദ് (35), തൃശ്ശൂര്‍ പാഞ്ഞാള്‍ സ്വദേശി മുഹമ്മദ് ഫാസില്‍ (27) എന്നിവരാണ് പിടിയിലായത്.
പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചിരുന്ന കൊല്ലങ്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് അഞ്ചംഗസംഘം പൊലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പട്ടാമ്പി പാലത്തിന് സമീപം ഗുരുവായൂര്‍ റോഡിലുള്ള ലോഡ്ജിലാണ് സംഭവം നടന്നത്. കൊല്ലങ്കോട് സ്വദേശിനിയായ ഇരുപതുകാരി മേയ് രണ്ടിനാണ് ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുത്തത്.
മേയ് നാലിനാണ് കേസിന് ആസ്പദമായ സംഭവം. ഇവര്‍ താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ താമസിച്ച പ്രതികള്‍ പൊലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.
വഴങ്ങാതിരുന്നതോടെ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാനും പീഡിപ്പിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
ഒളിവിലുള്ള രണ്ടു പ്രതികളെയും തിരിച്ചറിഞ്ഞതായും ഇവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും ഷൊര്‍ണൂര്‍ ഡിവൈഎസ്പി അറിയിച്ചു.
പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജില്‍ താമസിക്കാനിടയായ സാഹചര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.