ചൈനയിലെ ഷിന്‍ജിയാങ് മേഖലയില്‍ ഉയിഗര്‍ മുസ്ലിങ്ങള്‍ക്കെതിരേ ചൈന നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഐക്യരാഷ്ട്രസഭ .
ഏറെ നാളത്തെ തയ്യാറെടുപ്പിനു ശേഷമാണ് യുഎന്‍ ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. പടിഞ്ഞാറന്‍ മേഖലയില്‍ ഉയിഗര്‍ മുസ്ലീങ്ങളും മറ്റ് വിഭാഗക്കാരും നേരിടുന്ന അവകാശലംഘനങ്ങളുടെ വിശദമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ അമേരിക്കയും മറ്റ് വിമര്‍ശകരും പ്രധാനമായി ഉന്നയിച്ച വംശഹത്യയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
ഉയ്ഗര്, മറ്റ് മുസ്ലീം വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കെതിരായ വിവേചനങ്ങളുടെ തീവ്രത, അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
ഷിന്‍ജിയാങില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലേയ്ക്ക് ലോകത്തിന്റെ അടിയന്തര ശ്രദ്ധ വേണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അവകാശ സംരക്ഷണ ഗ്രൂപ്പുകളും. പാശ്ചാത്യ രാജ്യങ്ങളും ഉയ്ഗര് വിഭാഗവും വളരെക്കാലമായി ചൈനയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
ഷിന്‍ജിയാങിലെ ഉയ്ഗര് സ്വയംഭരണ പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് വിലയിരുത്തല്‍ ആവശ്യമാണെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷെലെറ്റ് തീരുമാനിക്കുകയായിരുന്നു.
ഒരു വര്‍ഷത്തോളം സമയമെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ ഇതിന്റെ പ്രകാശനം ചൈന അതിശക്തമായി എതിര്‍ത്തിരുന്നു.
എന്നാല്‍, മനുഷ്യാവകാശങ്ങള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ എന്ന നിലയിലുള്ള തന്റെ നാല് വര്‍ഷത്തെ കാലാവധി ഓഗസ്റ്റില്‍ അവസാനിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ ബാച്ചലെറ്റ് തീരുമാനിക്കുകയായിരുന്നു.
കാലാവധി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കുമ്പോഴാണ് അവര്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
മേഖലയില്‍ പത്ത് ലക്ഷത്തിലധികം ഉയ്ഗര് വിഭാഗത്തെയും മറ്റ് മുസ്ലീംങ്ങളെയും ചൈന തടവിലാക്കിയിട്ടുണ്ട് എന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്.
എന്നാല്‍, ചൈനീസ് സര്‍ക്കാര്‍ ഈ ആരോപണങ്ങളെ അതിശക്തമായി നിരസിച്ചു. തീവ്രവാദത്തെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉള്ളതെന്നാണ് ഇവരുടെ വാദം.
‘തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ട്’ എന്ന് യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ചൈനയിലെ ‘വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗ് സെന്ററുകളില്‍’ എത്തിയ്ക്കുന്ന ആളുകളോടുള്ള പെരുമാറ്റത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ലൈംഗിക പീഡനങ്ങളും ലിംഗാധിഷ്ഠിത ആക്രമണങ്ങളും ഇവിടെ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2017-2019 കാലഘട്ടത്തില്‍ ഇത്തരം കേന്ദ്രങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മുസ്ലീം വിഭാഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ് ഈ സംവിധാനം ഉണ്ടാകുന്നത്.
ചൈന മുസ്ലിം സ്ത്രീകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്നുണ്ടെന്ന അതിശക്തമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
കുടുംബാസൂത്രണ നയങ്ങള്‍ നിര്‍ബന്ധിതമായി നടപ്പിലാക്കുന്നതിലൂടെ പ്രത്യുല്‍പ്പാദന അവകാശ ലംഘനം നടന്നതിന്റെ വ്യക്തമായ സൂചനകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
അതിശക്തമായ പ്രതികരണമാണ് റിപ്പോര്‍ട്ടിനെതിരേ ചൈന നടത്തുന്നത്. ‘ചൈനീസ് വിരുദ്ധ ശക്തികള്‍ കെട്ടിച്ചമച്ച കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
ഈ റിപ്പോര്‍ട്ട് ചൈനയുടെ നിയമങ്ങളെയും നയങ്ങളെയും വളച്ചൊടിക്കുന്നു. കൂടാതെ ഇത് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും ആഭ്യന്തര കാര്യങ്ങളിലേയ്ക്കുള്ള കടന്നുകയറ്റവുമാണ്.’ ചൈന വ്യക്തമാക്കി.
ഷിന്‍ജിയാങിലെ എല്ലാ വംശീയ വിഭാഗങ്ങളും സമാധാനത്തിലും സന്തോഷത്തോടെയുമാണ് ജീവിതം നയിക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു.