അമലാപോള്‍ എന്നും വാര്‍ത്താതാരമാണ്. സിനിമയുടെ പേരിലായാലും വിവാദങ്ങളുടെ പേരിലായാലും നടി എപ്പോഴും സജീവമാണ്. തന്നോട് അശ്ലീലം പറഞ്ഞ വ്യവസായിക്ക് എട്ടിന്റെ പണി കൊടുത്താണ് നടി ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം പിടിക്കുന്നത്. ചെന്നൈയിലെ കൊട്ടിവാക്കത്തുള്ള അഴകേശന് എന്നയാളെ ആണ് അമലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടി. നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ചെന്നൈ ടി. നഗറിലെ ശ്രീധര്‍ മാസ്റ്ററുടെ സ്റ്റുഡിയോയില്‍ നൃത്തപരിശീലനം നടത്തുന്നതിനിടെ തന്റെ അടുത്തെത്തിയ അഴകേശന് അശ്ലീല സംഭാഷണം നടത്തി തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു അമലാ പോളിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അഴകേശനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അമല പറയുന്നതിങ്ങനെ…’മലേഷ്യയിലെ ഒരു പരിപാടിക്കായി നൃത്തപരിശീലനം നടത്തുകയായിരുന്നു ഞാന്‍. പരിശീലനത്തിനിടെ ഞാന്‍ തനിച്ചായിരുന്നപ്പോള്‍ ഇയാള്‍ എന്റെ അടുത്തുവന്നു. എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുമെന്ന രീതിയില്‍ സംസാരിച്ചു. സെക്ഷ്വല്‍ ഫേവേഴസ് ആവശ്യപ്പെട്ടു. ഞാന്‍ ശരിക്കും അപമാനിക്കപ്പെട്ടു. സുരക്ഷയില്‍ ഭയമുള്ളതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെട്ടത്. ശ്രീധര്‍ മാസ്റ്ററുടെ സ്റ്റുഡിയോയില്‍ വച്ചാണ് ഇത് സംഭവിച്ചത്. പക്ഷെ അദ്ദേഹത്തിന് ഇതേക്കുറിച്ച് ഒന്നും അറിയില്ല. പരിപാടിയുടെ നടത്തിപ്പുകാരില്‍ ആരെങ്കിലുമായിരിക്കും ഇയാള്‍ക്ക് എന്റെ പരിശീലനത്തിന്റെ സമയവിവരങ്ങള്‍ അറിയിച്ചുകൊടുത്തത് എന്നാണ് സംശയം.’ അമല പറഞ്ഞു.
സ്വതന്ത്രമായി ജോലി ചെയ്തു ജീവിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്ന സാഹചര്യമുണ്ടാകണമെന്നും മാധ്യമങ്ങളോടു സംസാരിക്കവെ അമല പോള്‍ വ്യക്തമാക്കി.
പൊലീസ് വിഷയം വേണ്ട ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യുമെന്നും താന്‍ അര്‍ഹിക്കുന്ന നീതി തനിക്ക് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായും അമല കൂട്ടിച്ചേര്‍ത്തു.