യുവമോര്‍ച്ച പ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്കി നിരവധി തവണ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി ജില്ലാ നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസ്.
കുന്നമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പേരാമ്പ്ര കടിയങ്ങാട് സ്വദേശി സുജിത്തിനെതിരേ കുന്നമംഗലം പോലീസ് കേസെടുത്തത്.
കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്താണ് താല്‍ക്കാലിക ജോലിക്കായി യുവതി ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസിലെത്തുന്നത്.
തെരഞ്ഞെടുപ്പു കാലത്തിനുശേഷം സജീവ പ്രവര്‍ത്തകയായി. ഇക്കാലത്ത് പ്രതി പ്രണയം നടിക്കുകയും വിവാഹവാഗ്ദാനം നല്കിയ ശേഷം യുവതിയെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി.
യുവതിയുടെ ഫോട്ടോകള്‍ പകര്‍ത്തുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
എട്ടുമാസം മുന്‍പ് ഇയാള്‍ ബിജെപി ജില്ലാ നേതാവിന്റെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചു പോയതാണ്. തുടര്‍ന്ന് യുവതി അസി. കമ്മിഷണര്‍ കെ സുദര്‍ശനു പരാതി നല്കി.
പരാതി കുന്നമംഗലം സ്റ്റേഷനിലേക്ക് കൈമാറുകയും അന്വേഷിച്ച് സംഭവത്തില്‍ കേസെടുക്കുകയുമായിരുന്നു.
സംഭവം നടന്നത് കൂത്താളിയിലായതിനാല്‍ കേസ് പേരാമ്പ്ര പോലീസിനു കൈമാറുമെന്നും എസി കെ സുദര്ശന് പറഞ്ഞു.