നടിയും മുന്‍ ബിഗ് ബോസ് താരവുമായ രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ദുറാനിക്കെതിരെ പീഡനക്കേസ്.
ഇറാനിയന്‍ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് ആദിലിനെതിരെ മൈസൂരു പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
തന്റെ പണം ദുരുപയോഗം ചെയ്തെന്ന രാഖിയുടെതന്നെ പരാതിയില്‍ ആദിലിനെ മുംൈബ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പീഡനക്കേസും റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇറാനില്‍നിന്നു കര്‍ണാടകയിലെ മൈസൂരുവില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന് വിവി പുരം പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു.
മൈസൂരുവില്‍ ബിഫാം പഠിക്കാനെത്തിയ ഇറാനിയന്‍ വിദ്യാര്‍ഥിനിയെ ആദിലിന് അഞ്ച് വര്‍ഷമായി പരിചയമുണ്ടായിരുന്നു.
വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ഥിനിയുമായി വിവി പുരത്തെ ഒരു അപ്പാര്ട്ട്മെന്റില്വച്ച് ആദില്‍ ദുറാനി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
അഞ്ച് മാസം മുമ്പ് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആദില്‍ വിസമ്മതിച്ചു. സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറില്‍ പറയുന്നു.
ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ആദിലിനെതിരെ ചുമത്തിയിരിക്കുന്നത്.
തന്റെ പണം ദുരുപയോഗം ചെയ്തെന്നും ഗാര്‍ഹിക പീഡനത്തിന് ഇരയായെന്നുമുള്ള രാഖി സാവന്തിന്റെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് മുംബൈ ഒഷിവാര പൊലീസ് ആദില്‍ ദുറാനിയെ അറസ്റ്റ് ചെയ്തത്.
ആദില്‍ താനുമായി ബന്ധം വേര്‍പെടുത്തിയെന്നും ആദില്‍ കാമുകിയോടൊപ്പമാണ് താമസിക്കുന്നതെന്നും രാഖി അവകാശപ്പെട്ടിരുന്നു.