സ്കൂള്‍ അധ്യാപകര്ക്കെതിരേ വിദ്യാര്‍ഥിനികള്‍ നല്കിയ ലൈംഗിക പീഡനക്കേസ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.
കുട്ടികള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അധ്യാപകര്ക്കെതിരേ പോക്സോ വകുപ്പുകള്‍ പ്രകാരം മധുരൈ പോലീസ് കേസ് എടുത്തിരുന്നു.
അധ്യാപകരുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് ഹെഡ്മാസ്റ്ററുടെ പ്രേരണ കൊണ്ടാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
സ്കൂളിലെ പരാതിപ്പെട്ടിയിലൂടെയാണ് ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനെതിരേ കുട്ടികള്‍ ലൈംഗിക പരാതി ഉന്നയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് ആറിന് ഹെഡ്മാസ്റ്റര് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ഊമാച്ചിക്കുളും വനിതാ പൊലീസില്‍ പരാതി നല്കി.
അതേദിവസം തന്നെ വനിത അധ്യാപിക ഉള്‍പ്പടെ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു.
അധ്യാപകര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്ന് കേസില്‍ കുറ്റമാരോപിക്കപ്പെട്ട അധ്യാപകരിലൊരാള്‍ ഇന്‍സ്പെക്ടറെ അറിയിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. ഹെഡ്മാസ്റ്റര് പറഞ്ഞതുകൊണ്ടാണ് ഇത്തരത്തില്‍ ഒരുപരാതി പെട്ടിയിലിട്ടതെന്നും ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകന് തങ്ങളോട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന് കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ മൊഴിയുടെയും സാക്ഷികളെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തി.
സഹ അധ്യാപകരെ കള്ളക്കേസില്‍ കുടുക്കിയ ഹെഡ്മാസ്റ്റര്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു.