കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ ഷണ്ഡീകരിക്കണം! ലൈംഗികശേഷി ഇല്ലാതാക്കുന്നത് ശിക്ഷയുടെ ഭാഗമാക്കണം; പ്രധാനമന്ത്രിക്കു നിവേദനവുമായി സുപ്രീംകോടതിയിലെ വനിതാ അഭിഭാഷക സംഘം

രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരുടെ ലൈംഗികശേഷി ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെ വനിതാ അഭിഭാഷക അസോസിയേഷന്‍ പ്രധാനമന്ത്രിക്കു നിവേദനം നല്‍കി.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇതില്‍ ഉചിതമായ നടപടിയാവശ്യപ്പെട്ട് വനിതാ ശിശു മന്ത്രാലയത്തിന് കൈമാറി. കഠുവ, ഉന്നാവോ ബലാല്‍സംഗ സംഭവങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയിലെ വനിതാ അഭിഭാഷക അസോസിയേഷന്‍ (എസ്.സി.ഡബ്ല്യു.എല്‍.എ.) പ്രധാനമന്ത്രിയുടെ ഓഫീസിന് നിവേദനം നല്‍കിയത്.

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ ഷണ്ഡീകരിക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്നതാണ് മുഖ്യ ആവശ്യം. നിയമത്തില്‍ കുട്ടി എന്നതിന്റെ നിര്‍വചനത്തില്‍ ആണ്‍കുട്ടികളെക്കൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 12 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിയമത്തിനുകീഴില്‍ സംരക്ഷണം നല്‍കണം. അടുത്തകാലത്തായി ആണ്‍കുട്ടികളും പീഡനത്തിന് ഇരയാകുന്നുണ്ട്.

പന്ത്രണ്ടില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന വ്യവസ്ഥയ്ക്ക് അടുത്തിടെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളില്‍ കുറ്റക്കാരുടെ ലൈംഗികശേഷി ഇല്ലാതാക്കുന്നതു കൂടി പരിഗണിക്കണമെന്നാണ് വനിതാ അഭിഭാഷക അസോസിയേഷന്റെ ആവശ്യം.

ഇതേ ആവശ്യമുന്നയിച്ച് നല്‍കിയ ഹര്‍ജി 2016 ജനുവരി 13-ന് സുപ്രീംകോടതി തള്ളിയിരുന്നു. അധികശിക്ഷയായി ഷണ്ഡീകരണവും ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.

 

 

Related posts