മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക ആരോപണം. ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവു കൂടിയായ വിനായകന് എതിരെയാണ് ലൈംഗിക ആരോപണവുമായി യുവതി രംഗത്തെത്തിയത്. ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ദളിത് ആക്ടിവിസ്റ്റും സാമൂഹ്യപ്രവര്ത്തകയുമായ മൃദുലദേവി ശശിധരന് ആരോപിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് മൃദുലദേവിയുടെ വെളിപ്പെടുത്തല്.
‘നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല് യഥാര്ത്ഥ ജീവിതത്തില് അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്,’ എന്ന ആമുഖത്തോടെയാണ് മൃദുലദേവിയുടെ കുറിപ്പ് തുടങ്ങുന്നത്. ഒരു പരിപാടിക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില് വിളിച്ചപ്പോഴായിരുന്നു സംഭവം. ‘പരിപാടിക്ക് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നു വിനായകന് ചോദിച്ചതായി യുവതി ആരോപിക്കുന്നു. ഫോണ് സംഭാഷണത്തിന്റെ റെക്കോര്ഡ് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുലദേവി തന്റെ കുറിപ്പില് പറയുന്നുണ്ട്.
എന്നാല് ‘ജാതി അധിക്ഷേപങ്ങള്ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല് വിനായകന് ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല. ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം,’ ഇതാണ് തന്റെ നിലപാടെന്നും യുവതി വ്യക്തമാക്കുന്നു. സംഘപരിവാറിനെതിരേ പ്രസ്താവനയിറക്കിയ വിനായകനെതിരേ സംഘപരിവാര് പ്രവര്ത്തകര് സാമൂഹ്യമാധ്യമങ്ങളിലൂടെ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്.
വിനായകന് നായകനാകുന്ന തൊട്ടപ്പന് എന്ന സിനിമ ബഹിഷ്ക്കരിക്കണമെന്നായിരുന്നു സംഘപരിവാര് ആഹ്വാനം. കവര് ചിത്രമായി അയ്യപ്പന്റെ ഫോട്ടോയും പ്രൊഫൈല് ചിത്രമായി കാളിയുടെ ഫോട്ടോയും നല്കിയാണ് വിനായകന് സൈബര് ആക്രമണങ്ങളോടു പ്രതികരിച്ചത്. എന്നാല്, ലൈംഗികാരോപണത്തോട് ഇതുവരെ വിനായകന് പ്രതികരിച്ചിട്ടില്ല. അതേസമയം, സമൂഹമാധ്യമങ്ങളില് നിരവധി പേര് മൃദുലദേവിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തി.
മൃദുലദേവിയുടെ ഫേസ്ബുക്ക് പോസ്റ്റ്
‘നടിക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല് യഥാര്ത്ഥ ജീവിതത്തില് അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നു പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള് റെക്കോര്ഡര് സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന് കാണും. കാംപെയ്നില് സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല് വിനായകന് ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില് കൂടുതല് ഒന്നും പറയാനില്ലാത്തതിനാല് മെസ്സഞ്ചര്, ഫോണ് എന്നിവയില് കൂടി കൂടുതല് അന്വേഷണങ്ങള് ഉണ്ടാകാതിരിക്കുമല്ലോ?’