ഭര്‍ത്താവിനെ ഉപേക്ഷിച്ചു വന്നാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡനം ! സിപിഎം സൈബര്‍ പോരാളി ജഹാംഗീര്‍ അമിനാ റസാഖിനെതിരേ യുവതി രംഗത്ത്…

സിപിഎമ്മിന്റെ സൈബര്‍ പോരാളിയായ അഡ്വ. ജഹാംഗീര്‍ ആമിനാ റസാഖിനെതിരേ ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി വീട്ടമ്മയുടെ പരാതി.

താന്‍ ട്യൂഷന്‍ പഠിച്ചിരുന്ന സമയത്ത് ജഹാംഗീര്‍ തന്നെ ട്യൂഷന്‍ പഠിപ്പിച്ചിട്ടുണ്ട് എന്നും ജഹാംഗീര്‍ അപ്പോള്‍ നിയമവിദ്യാര്‍ത്ഥി ആയിരുന്നുവെന്നും വീട്ടമ്മ പറയുന്നു.

താന്‍ ഉദ്യോഗാര്‍ത്ഥി ആയിരിക്കുകയാണ് ഇയാള്‍ തന്നെ സ്‌നേഹിച്ചതെന്നു വീട്ടമ്മ പറഞ്ഞു.ഇയാള്‍ പിന്നീട് വിവാഹാഭ്യര്‍ത്ഥന നടത്തി, താന്‍ വിവാഹത്തിന് സമ്മതം മൂളി എങ്കിലും വിവാഹത്തിന്റെ വക്കില്‍ എത്തിയപ്പോള്‍ ഇയാള്‍ പിന്മാറി എന്നുമാണ് യുവതി പറയുന്നത്.

പിന്നീട് യുവതി മറ്റൊരു വിവാഹം ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇയാള്‍ യുവതിയുമായി വീണ്ടും അടുപ്പം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

പഠനത്തിനുശേഷം 2018 ലാണ് ജഹാംഗീര്‍ വീണ്ടും യുവതിയെ കാണുന്നത്. ആ സമയത്ത് യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു.

ഇതറിഞ്ഞ് ജഹാംഗീര്‍ യുവതിയുമായി വീണ്ടും അടുപ്പം സ്ഥാപിക്കുകയും. അന്ന് തന്നെ ഉപേക്ഷിച്ചതില്‍ കുറ്റബോധമുണ്ട് എന്ന് പറഞ്ഞു ഭര്‍ത്താവിനെ ഡിവോഴ്‌സ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ഭര്‍ത്താവിനേ ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് ജഹാംഗീര്‍ വിവാഹ വാഗ്ദാനം നല്‍കി എന്നും യുവതി പറയുന്നു.

ഇയാളുമായി വീണ്ടും അടുത്തതിനെത്തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ പപ്പോഴായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ജഹാംഗീര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ യുവതി ഇതിനെ ചോദ്യം ചെയ്തിരുന്നു.

പക്ഷേ ജഹാംഗീര്‍ ഇതിനു മറുപടി ഒന്നും നല്‍കിയില്ല.പിന്നീട് യുവതി വിവാഹ കാര്യം ചോദിക്കാന്‍ തുടങ്ങിയതോടെ ജഹാംഗീര്‍ ഫോണ്‍ എടുക്കാതെ ആയി.

ഇതോടെയാണ് താന്‍ വീണ്ടും ചതിയില്‍ പെട്ടു എന്ന് യുവതിക്ക് മനസ്സിലാവുന്നത്.തന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടപ്പോഴാണ് താന്‍ കബളിക്കപ്പെട്ടു എന്ന് യുവതി തിരിച്ചറിഞ്ഞത്.

ഞാനൊരാള്‍ മാത്രമല്ല മുപ്പതോളം സ്ത്രീകള്‍ ഇയാളുടെ ചതിയില്‍ വീണുപോയിട്ടുണ്ട് എന്ന യുവതി പറയുന്നു.

താന്‍ വീണ്ടും ചതിക്കപ്പെട്ടു എന്ന് മനസ്സിലായതോടെ ആണ് യുവതി പരാതിയുമായി പോലീസിനേ സമീപിച്ചത്.

എന്നാല്‍ പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല എന്നാണ് യുവതി പറയുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ വനിതാകമ്മീഷനില്‍ യുവതി പരാതി നല്‍കി.

സൈബര്‍ ഇടങ്ങളില്‍ വളരെയധികം അറിയപ്പെടുന്ന സിപിഎം അനുകൂല പ്രൊഫൈല്‍ ആണ് ജഹാംഗീര്‍ കൂടാതെ ഹൈക്കോടതിയിലെ അഭിഭാഷകന്‍ എന്നാണ് ഇയാള്‍ അവകാശപ്പെടുന്ന തന്നെയും.

എന്നാല്‍ ഇയാള്‍ക്ക് ഹൈക്കോടതിയുമായി വലിയ ബന്ധമൊന്നുമില്ലെന്നാണ് ചില അഭിഭാഷകര്‍ പറയുന്നത്. രണ്ടു മാസം ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തതു മാത്രമാണ് ഇയാള്‍ക്ക് ഹൈക്കോടതിയുമായി ആകെയുള്ള ബന്ധമെന്നും അവര്‍ പറയുന്നു.

ഇയാളുടെ പൂര്‍വകാല ചരിത്രങ്ങള്‍ വിവരിച്ചു കൊണ്ട് രാംകുമാര്‍ എന്നയാള്‍ എഴുതിയ പോസ്റ്റും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

രാംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

ഭൂലോക ഫ്രോഡും സെക്സ്പ്ലോയിസ്‌റ്റുമായ അഡ്വ. ജഹാംഗീർ ആമിന റസാഖിന്റെ പേരിൽ കോഴിക്കോട് എലത്തൂർ പോലീസ് സ്റ്റേഷനിൽ റേപ് കേസ് രജിസ്റ്റർ ചെയ്തു.
SFI യൂണിറ്റ് സെക്രട്ടറി പോലുമായിരുന്നിട്ടില്ലെങ്കിലും ജില്ലാ സെക്രട്ടറിയായിരുന്നെന്ന് പറഞ്ഞ് നടന്ന മഹാനാണ്.
പരാതിക്കാരിയുടെ മെഡിക്കൽ പരിശോധന, മജിസ്‌ട്രേറ്റിനു മുമ്പിൽ മൊഴികൊടുക്കൽ എന്നിവ പൂർത്തിയായി.
30തിൽപ്പരം സ്ത്രീകളെയാണ് ഇയാൾ ഇതേ രീതിയിൽ സെക്സ്പ്ലോയിറ്റ് ചെയ്തതെന്ന് പറയുന്നു.

അഞ്ചാറുപേരെയെങ്കിലും എനിക്ക് നേരിട്ടറിയാം.
എങ്ങനെയാണ് നേരിട്ടറിയുന്നതെന്നല്ലേ?
ഈ വിദ്വാൻ എന്റെ എഫ്.ബി. സുഹൃത്തായിരുന്നു; ഞാനെന്തെഴുതിയാലും ആദ്യം വന്ന് ലൈക്കും.
പലപ്പോഴും ‘എന്റെ പ്രേമൻ മാഷ്’ എന്നൊക്കെ ഇഷ്ടത്തോടെ കമന്റും.
‘മാഷെത്തൊട്ടാൽ വിവരമറിയും’ എന്നൊക്കെ പോസ്റ്റും.
വഞ്ചിക്കപ്പെട്ടു എന്നറിയുമ്പോൾ സ്ത്രീകൾ സ്വാഭാവികമായും കോമൺ സുഹൃത്തുക്കളെ തിരയും.
അങ്ങനെ വന്ന് വർത്തമാനം പറഞ്ഞ് പരിചയമായവരാണിവർ.
പലവിധ പരിമിതികൾ കാരണം പുറത്തുപറയാനോ പോലീസിൽ പരാതിപ്പെടാനോ അവർക്കാർക്കും ഇതുവരെ കഴിഞ്ഞിരുന്നില്ല.

എന്നിട്ടിപ്പോഴല്ലേ നിങ്ങൾ പറയുന്നതെന്നല്ലേ?
അല്ല. ഒരു കൊല്ലം മുൻപേ പറഞ്ഞു. കൃത്യമായ് പറഞ്ഞാൽ 2021 ഫെബ്രുവരി 25.
എനിക്ക് വളരെ വേണ്ടപ്പെട്ടൊരു പെൺകുട്ടി ഇവന്റെ വലയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ദിവസം.
‘പ്രേമൻ മാഷിന്റെയൊക്കെ ഫ്രണ്ടാ’ണെന്ന് പറഞ്ഞ് അവൾ ഈ ഫ്രോഡിനെ വേറൊരാളുടെ അടുത്ത് ഇൻട്രൊഡ്യൂസ് ചെയ്തു എന്നറിഞ്ഞ രാത്രി.
എങ്ങിനെയാണ് ആളുകളിങ്ങനെ പറ്റിക്കപ്പെടുന്നതെന്നല്ലേ?

ഒരു കഥ പറയാം.
ചുങ്കത്തറ മാർത്തോമാ കോളേജ്. പ്രീ-ഡിഗ്രി റിസൾട്ട് വന്നൊരു രാവിലെ. ജഹാംഗീർ എന്നുപേരായോരുത്തൻ തോറ്റു. തോറ്റ മാർക്ക് ലിസ്റ്റും കൊണ്ട് വരാന്തയിലൂടെ നടന്ന് വരുന്ന ചെറുപ്പക്കാരനെതിരെ വരുന്നു മലയാളം ടീച്ചർ.
‘പാസായോ?’
‘പാസായി ടീച്ചർ…ഫസ്റ്റ് ക്ലാസുണ്ട്…’
‘ആഹാ…വിചാരിച്ചപോലല്ല നീ…മിടുക്കൻ…’
‘ബി.എ.മലയാളം എടുക്കണം എന്നാണ് ഇഷ്ടം. ടീച്ചറെപ്പോലാവണം എന്നാണ് സ്വപ്നം. മലപ്പുറം കോളേജിൽ പോയി ആപ്ലികേഷൻ വാങ്ങണം. വീട്ടിന്ന് പൈസ എടുക്കാൻ മറന്നു…’
‘അതിനെന്താ?…’ ടീച്ചർ സന്തോഷത്തോടെ നൂറ് രൂപ കൊടുക്കുന്നു.
സ്റ്റാഫ് റൂമിലെത്തി അറബി മാഷിനോട് ജഹാംഗീറിന്റെ ഫസ്റ്റ് ക്ലാസും മലയാളം ബി.എ.യും നൂറുറുപ്പികയും പറയുന്ന ടീച്ചർ.
മാർക്ക് ലിസ്റ്റ് ലെഡ്ജർ തുറന്നു കാണിക്കുന്ന മാഷ്.
ഫസ്റ്റ് ക്ലാസുകാരനെ പിന്തുടർന്ന്, പോക്കറ്റിൽ കൈയിട്ട് കാശ് തിരിച്ചു വാങ്ങുന്ന ടീച്ചർ.

അവിടുന്ന് വളർന്ന ജഹാംഗീർ താൻ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയാണെന്ന് പറഞ്ഞെഴുതിയത് ചിത്രത്തോടൊപ്പം വാർത്തയായ്
വന്നത് മനോരമയിൽ. ഇയാൾ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പോലുമായിരുന്നിട്ടില്ല. സാക്ഷ്യം പറയേണ്ടി വന്നത് സഖാവ്. എം.സ്വരാജിന്. തന്റേതല്ലാത്ത കാരണത്താൽ ഇവന്റെ നാട്ടുകാരനായിപ്പോയ സഖാവ്. എം.സ്വരാജ്.
ശശി തരൂർ എന്റെ ആശാനാണെന്ന് പറഞ്ഞു നടക്കലും എഴുതി പൊലിപ്പിക്കലും ഇയാളുടെ മറ്റൊരു വിനോദമായിരുന്നു.
തരൂരിതറിഞ്ഞിരുന്നുവോ എന്ന് ദൈവത്തിനറിയാം.
ഇനി,
ഓഡിറ്റിങ്ങൊക്കെ നടത്തുമെന്ന് അഹങ്കാരം പറയുന്ന എന്നെ ഈ വിദ്വാൻ പറ്റിച്ച കഥ.

രാജേശ്വരി എന്ന പേരിൽ മാധ്യമത്തിലെഴുതുന്ന കാലം മുതൽ പരിചയമുണ്ടെനിക്ക് അഡ്വ. ജയശങ്കറിനെ.
വക്കീലിന്റെ അസ്സോസിയേറ്റാണെന്ന് യാതൊരു കാര്യവുമില്ലാതെ ഇയാൾ പലവട്ടം എന്നോട് പറഞ്ഞിട്ടുണ്ട്.
ഒന്ന് വിളിച്ചു ചോദിച്ച് വെരിഫൈ ചെയ്യാൻ ഞാൻ മെനക്കെട്ടിട്ടില്ല.
ഒടുവിൽ കഴിഞ്ഞ കൊല്ലം ജയശങ്കർ വക്കീലിനെ വിളിച്ചു.
ലവന്റെ പേര് കേട്ടതും അഡ്വ. ജയശങ്കർ കട്ടായം പറഞ്ഞു:
‘നിങ്ങള് വല്യ സഹയാത്രികനൊക്കെയായിരിക്കാം…എന്റെ അസോസിയേറ്റാണ് ജഹാംഗീർ എന്നാരോടെങ്കിലും പറഞ്ഞാൽ…
ആളിനെ വിട്ട് മുട്ട് കാല് ഞാൻ തല്ലിയൊടിക്കും…പറഞ്ഞില്ലാന്ന് വേണ്ട.’
അഡ്വ. ഹരീഷ് വാസുദേവനെ ഏത് നട്ടപ്പാതിരയ്ക്കും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെനിക്ക്.

‘ഇന്ന് ഞാൻ കോർട്ടിൽ പോയിട്ടില്ല…ജലദോഷമാണ്…ഹരീഷിനെ വിട്ടതാണ്.’
മൂന്ന് നാല് വട്ടം ഇതേ ജഹാംഗീർ യാതൊരു കാര്യവുമില്ലാതെ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു വട്ടം പോലും ഹരീഷിനോടൊന്ന് ചോദിയ്ക്കാൻ ഞാൻ മെനക്കെട്ടിട്ടില്ല.
(ഹരീഷിനാണ് ജലദോഷമെന്ന് പറഞ്ഞാൽ ചിലപ്പോ ചോദിച്ചേനെ)
ഒടുവിൽ കഴിഞ്ഞ കൊല്ലം ആ പോസ്റ്റിട്ടപ്പോൾ സൂചനയായി ഞാനിങ്ങനെ കമന്റി:
‘മൂന്ന് പേരുള്ള…പേരിനൊപ്പം അമ്മയുടെ പേരുള്ള വക്കീൽ’
ഒരു വിദ്വാൻ വന്ന് ആളെ ഐഡന്റിഫൈ ചെയ്തു കളഞ്ഞു:
‘ഹരീഷ് വാസുദേവൻ ശ്രീദേവി…’
നെലവിളി ശബ്ദമിട്ടുകൊണ്ട് ഹരീഷ് ഓടി വന്നതപ്പോഴാണ്.

ഫ്രോഡുകളായ് ജനിക്കുന്ന ചിലരുണ്ട്; അവരെ തിരിച്ചറിയൽ എളുപ്പമല്ല.
സീരിയൽ കില്ലർമാരായ് ജനിക്കുന്ന ചിലരുണ്ട്;
പോലീസുകാർ പോലും അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടും.
സീരിയൽ റേപ്പിസ്റ്റുകളായ് ജനിക്കുന്ന ചിലരുണ്ട്;
പെണ്ണുങ്ങൾക്ക് അവരെ തിരിച്ചറിയാനോ,
തിരിച്ചറിഞ്ഞാൽ ഇന്നത്തെ കുടുംബ, സാമൂഹ്യ പശ്ചാത്തലത്തിൽ പുറത്തുവന്ന് നേരിടാനത്ര എളുപ്പവുമല്ല.
അങ്ങനെ നേരിടാനൊരു പെണ്ണ് തയാറായെങ്കിൽ അവളൊരു പ്രതീക്ഷയാണ്.
ജഹാംഗീർ എന്ന സീരിയൽ റേപ്പിസ്റ്റിനെ നിയമത്തിന് മുന്നിലെത്തിക്കാൻ ധീരയായൊരു പെണ്ണ് ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നു.
അഭിവാദ്യങ്ങൾ.
അവൾക്കൊപ്പം നിൽക്കാൻ നാരദന്യൂസ് തയാറായിരിക്കുന്നു; സപ്പോർട്ട്.
അവൾക്കൊപ്പം നിൽക്കാം നമുക്കും…
അവളെപ്പോലെ വഞ്ചിക്കപ്പെട്ടവർക്കൊപ്പം നിൽക്കാം.
പ്രേംകുമാർ

Related posts

Leave a Comment