മലബാര്‍ സിമന്റ്‌സില്‍ സിഐടിയു നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതിയുടെ പരാതി ! ഇയാളില്‍ നിന്നും പല വനിതാജീവനക്കാര്‍ക്കും മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിവരം…

പാലക്കാട്: പീഡനക്കേസുകള്‍ സിപിഎമ്മിനെ വിട്ടൊഴിയുന്നില്ല. മലബാര്‍ സിമന്റ്‌സില്‍ സിഐടിയു നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വനിതാ ജീവനക്കാരിയുടെ പരാതി. യൂണിയന്റെ നിര്‍വാഹകസമിതി അംഗങ്ങളില്‍ ഒരാളായ വെള്ളിനേഴി സ്വദേശിക്കെതിരേയാണ് കമ്പനിയില്‍ അപ്രന്റീസായി പ്രവര്‍ത്തിക്കുന്ന യുവതി ജോലിസ്ഥലത്ത് തനിക്കു നേരേയുണ്ടായ അതിക്രമം സംബന്ധിച്ച് പഴ്സണല്‍ വിഭാഗം ഡി.ജി.എം മുമ്പാകെ പരാതിപ്പെട്ടത്.

വിഷയം കമ്പനിയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കമ്മിറ്റി മുമ്പാകെ എത്തിയെങ്കിലും അടിയന്തര സ്വഭാവത്തോടെ പരിഗണിച്ച് പോലീസിന് കൈമാറിയില്ല. മസ്ദൂറായി സര്‍വീസില്‍ പ്രവേശിച്ച ആരോപണ വിധേയന്‍ നിലവില്‍ ക്ലര്‍ക്കാണ്. ഓഫീസര്‍ തസ്തികയിലേക്കു സ്ഥാനക്കയറ്റം നല്‍കാന്‍ യൂണിയന്‍ തയാറാക്കിയ പട്ടികയില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പരാതി നല്‍കി മൂന്നുദിവസം കഴിഞ്ഞെങ്കിലും ആഭ്യന്തര അന്വേഷണത്തിന്റെ പേരില്‍ ഒതുക്കാന്‍ ശ്രമമുണ്ടെന്നാണ് ആക്ഷേപം. മുമ്പും വനിതാ ജീവനക്കാര്‍ക്ക് ഇയാളില്‍ നിന്നു മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണു വിവരം. സംഘടനാ ബലത്തിന്റെ മറവില്‍ ഇത്തരം പരാതികള്‍ മുളയിലേ നുള്ളുകയാണു പതിവ്.

യുവതി പരാതിയില്‍ ഉറച്ചുനിന്നതോടെ രേഖപ്പെടുത്താതെ നിര്‍വാഹമില്ലെന്നായി. കമ്പനിയിലെ ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എന്‍ജിനീയറായ വനിത ഉള്‍പ്പെടുന്ന സമിതിയാണ് ജോലിസ്ഥലത്തെ ലൈംഗികാതിക്രമം സംബന്ധിച്ച് പരാതികള്‍ പരിശോധിക്കേണ്ടത്. വെള്ളിയാഴ്ച സമിതി മുമ്പാകെ പരാതി എത്തിയതായാണ് വിവരം. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കാലതാമസം വരുത്താതെ പോലീസിന് കൈമാറണമെന്നാണു വ്യവസ്ഥ. ഷൊര്‍ണൂര്‍ എം.എല്‍.എ: പി.കെ. ശശിക്കെതിരായ ഡി.വൈ.എഫ്.ഐ. വനിതാ നേതാവിന്റെ പരാതിയില്‍ സിപിഎം തണുപ്പന്‍ സമീപനം തുടരുന്നതിനിടയിലാണ് അതേമണ്ഡലത്തില്‍ നിന്നുള്ള യൂണിയന്‍ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പാലക്കാട് ജില്ലാ നേതൃത്വത്തെത്തന്നെ വെട്ടിലാക്കുന്നതാണ് പുതിയ ആരോപണം

Related posts