
പ്രമുഖ സിനിമാ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരേ ലൈംഗിക ആരോപണവുമായി യുവനടി.കൊച്ചി സ്വദേശിയും മോഡലുമായ പെണ്‍കുട്ടിയാണ് ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത്.
സംവിധായകനെതിരേ നടി വക്കീല്‍ നോട്ടീസയയ്ക്കുകയും ചെയ്തു. ഒരു മലയാളം ന്യൂസ് ചാനല്‍ ബ്രേക്കിംഗ് ന്യൂസായി വാര്‍ത്ത പുറത്തുവിട്ടതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.
സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യം.
അതേസമയം ഈ വിഷയം പരാതിയായി പൊലീസിന് മുമ്പില്‍ എത്തിയിട്ടില്ലെന്നും ഒതുക്കി തീര്‍ത്തുവെന്നുമാണ് പുറത്തു വരുന്ന വിവരം.
2019 ഏപ്രില്‍ 29നാണ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ മുഖേന നടി കമലിന് വക്കീല്‍ നോട്ടീസയച്ചത്. ഈ വക്കീല്‍ നോട്ടീസിലെ വിവരങ്ങളാണ് ചാനല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ നായികവേഷം വാഗ്ദാനം ചെയ്താണ് ലൈംഗികമായി ഉപയോഗിച്ചു എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു പീഡിപ്പിച്ചതെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
നടിക്കെതിരായ ലൈംഗിക ആക്രമണത്തില്‍ മാപ്പു പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നത്. സിനിമയില്‍ അവസരം നല്‍കാതെ വഞ്ചിച്ചതിന് മാപ്പു പറയണമെന്നും വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിന്റെ സമയത്തും യുവനടികള്‍ക്കെതിരേ ലൈംഗികചൂഷണം ഉണ്ടായെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
കമല്‍ ആട്ടില്‍തോലിട്ട ചെന്നായ ആണെന്നും ഇതുസംബന്ധിച്ച മുന്‍പ് നല്‍കിയ പരാതികള്‍ ഒതുക്കിത്തീര്‍ത്തെന്നും യുവനടി ആരോപിക്കുന്നു.
മാസങ്ങള്‍ക്കു മുന്‍പ് നല്‍കിയ വക്കീല്‍ നോട്ടീസിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍, യുവനടി കമലിന് മാനനഷ്ടം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല.
കമല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് ഈ വിഷയം ഒതുക്കിത്തീര്‍ത്തെന്ന ആരോപണമാണ് ഉയരുന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായ കമല്‍ സ്ഥാനം ഒഴിയണമെന്നും ആരോപണം ഉയരുന്നു.
സിനിമയില്‍ അവസരം തേടിയ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട് ഇന്റിമേറ്റ് മെസേജുകള്‍ അയയ്ക്കാറുണ്ടായിരുന്നെന്നും സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പിടിപി നഗറിലെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയുമായിരുന്നെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പിന്നീടറിഞ്ഞത് സിനിമയില്‍ മറ്റൊരു നായികയെ നിശ്ചയിച്ചെന്നാണ്. അതുകൊണ്ട് തന്നോട് വിശ്വാസ വഞ്ചന കാണിച്ചു എന്നാണ് വക്കീല്‍ നോട്ടീസില്‍ പെണ്‍കുട്ടി ആരോപിക്കുന്ന കാര്യം. ചലച്ചിത്ര രംഗത്തെ സംഘടനകളെ അറിയിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.
സിനിമയില്‍ റോളുകള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് ഇയാളുടെ പതിവാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നതായി ചാനലിന്റെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രശ്‌നം മുമ്പേതന്നെ പരിഹരിക്കപ്പെട്ടതാണെന്നും കമല്‍ പറയുന്നതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.