കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒരു അനാഥാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂളിലെ അധ്യാപകനെതിരേ ഒരുകൂട്ടം വിദ്യാർഥിനികൾ നൽകിയ ലൈംഗിക അതിക്രമ പരാതി ഒതുക്കിത്തീർക്കാൻ അണിയറയിൽ നീക്കം ഉൗർജിതമായി. പരാതി ഇല്ലെന്നു വരുത്തിത്തീർക്കാൻ വിദ്യാർഥിനികൾക്കും അവരുടെ രക്ഷിതാക്കൾക്കും മേൽ കടുത്ത സമ്മർദമാണുള്ളത്. അതിന്റെ ഭാഗമായി, പരാതിക്കാരായ വിദ്യാർഥിനികൾ പോലീസിനോടു മൊഴി മാറ്റിപ്പറഞ്ഞു.
മൊഴി മാറ്റിയ സാഹചര്യത്തിൽ കേസെടുക്കാനാകില്ലെന്നു പോലീസ് ജില്ലാ ശിശു ക്ഷേമസമിതിക്കു റിപ്പോർട്ടു നൽകി. പരാതിക്കാർക്കു കൗണ്‍സലിംഗ് നൽകിയ ശേഷം വീണ്ടും മൊഴിയെടുപ്പിക്കാനാണു ശിശുക്ഷേമസമിതിയുടെ നീക്കം. വിദ്യാർഥിനികൾ സ്കൂൾ പ്രധാന അധ്യാപകനു പരാതി നൽകിയെങ്കിലും അതു പോലീസിനോ ചൈൽഡ് ലൈനോ കൈമാറാതെ ഒത്തുതീർപ്പാക്കാനാണ് ആദ്യം ശ്രമം നടന്നത്.
വിദ്യാർഥിനികൾ രേഖാമൂലം നൽകിയ പരാതി പിന്നീട് ചോർന്ന് ഒരു രക്ഷിതാവിനു ലഭിച്ചു. അദേഹമാണ് ചൈൽഡ് ലൈനിൽ വിവരം നൽകിയത്. ചൈൽഡ് ലൈൻ അന്വേഷിച്ചു നൽകിയ റിപ്പോർട്ടു പ്രകാരം പോലീസ് അന്വേഷണം നടത്തി. എന്നാൽ പരാതിക്കാരായ കുട്ടികൾ മൊഴിയിൽ ഉറച്ചുനിൽക്കുന്നില്ലെന്ന് പോലീസ് പറയുന്നു. വിദ്യാർഥിനികൾക്കു പിന്തുണ നൽകിയ സ്കൂളിലെ ജീവനക്കാരും കടുത്ത സമ്മർദത്തിലാണുള്ളത്. ഇവരുടെ ജോലി വരെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണു കാര്യങ്ങൾ നീങ്ങിയിരിക്കുന്നത്.
10, 12 വയസുള്ള പെണ്‍കുട്ടികളാണ് ലൈംഗിക അതിക്രമം സംബന്ധിച്ച് ആദ്യം പ്രധാനാധ്യാപകനു പരാതി നൽകിയത്. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലടക്കം അധ്യാപകൻ സ്പർശിക്കുന്നതായി പരാതിയിൽ പറഞ്ഞിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരേയുള്ള അതിക്രമം മറച്ചുവയ്ക്കുന്നത് പോക്സോ ആക്ടിന്റെ പരിധിയിൽ വരുന്ന ഗുരുതര കുറ്റമായതിനാൽ രക്ഷിതാക്കളിൽ സമ്മർദം ചെലുത്തി അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പരാതിക്കാരായ വിദ്യാർഥിനികൾ ഇപ്പോഴും അതേ സ്കൂളിലാണു പഠിക്കുന്നത്. ഇതു വിദ്യാർഥിനികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണെങ്കിലും അവരെ മറ്റു സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റാൻ അധികൃതർ തയാറായിട്ടില്ല. പോലീസോ രക്ഷിതാക്കളോ ആവശ്യപ്പെട്ടാൽ മാത്രമേ വിദ്യാർഥിനികളെ മാറ്റിത്താമസിപ്പിക്കാൻ കഴിയുകയുള്ളുവെന്നു സിഡബ്ല്യൂസി അധികൃതർ പറയുന്നു.