കോതമംഗലം: പീഡനക്കേസിലെ പ്രതിയും കോണ്‍ഗ്രസ് പഞ്ചായത്തംഗവുമായ കോണ്‍ഗ്രസ് നേതാവ് രക്ഷപ്പെട്ടത് പോലീസിന്റെ കഴിവുകേടെന്ന് എല്‍ഡിഎഫ്. കോതമംഗലം എസ്ഐ പ്രതിയ്ക്ക് ചില കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദഫലമായി പ്രതിയ്ക്ക് രക്ഷപെടാന്‍ അവസരമുണ്ടാക്കിക്കൊടുത്തത് കോതമംഗലം എസ്ഐയാണെന്ന തരത്തിലാണ് പ്രചാരണം മുറുകുന്നത്.
നെല്ലിക്കുഴിയില്‍ അര്‍ദ്ധരാത്രിയില്‍ അയല്‍വീട്ടിലേക്ക് പോകുകയും പരിക്കേറ്റ നിലയില്‍ തിരിച്ചെത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് പഞ്ചായത്ത 14-ാം വാര്‍ഡംഗം ഷാജഹാന് വട്ടക്കുഴിയെ പൊലീസ് ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പോലീസ് പോയതിനു ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നെല്ലിക്കുഴി പഞ്ചായത്ത് എല്‍ ഡി എഫ് നേതൃത്വം കോതമംഗലം പൊലീസിനെതിരെ ശക്തമായി രംഗത്തെത്തിയത്. ഗുരുതര കുറ്റകൃത്യം ചെയ്തിട്ടും പൊലീസ് സ്വീകരിച്ച നിരുത്തരവാദപരമായ സമീപനമാണ് നാട്ടിലെ സ്ത്രീലമ്പടന്‍ കൂടിയായ മെമ്പര്‍ക്ക് ഒളിവില്‍ പോകാന്‍ അവസരമൊരുക്കിയതെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.
അയല്‍വീട്ടിലെ സ്ത്രീയുടെ മൊഴിപ്രകാരം ഭവനഭേദനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ജാമ്യമില്ലാ വകുപ്പകളിട്ട് ഷാജഹാനെ പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്നും അറസ്റ്റുചെയ്തെന്നും പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് കോതമംഗലം എസ് ഐ അറിയിച്ചിരുന്നത്. അങ്കമാലിയിലെ ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷാജഹാന് ആവശ്യപ്പെട്ടത് പ്രകാരം വിദഗ്ധ പരിശോധനകള്‍ക്കായി എറാണാകുളം ലിസ്സി അശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ഇവിടെ നിന്നും ഇയാള്‍ അപ്രത്യക്ഷനായെന്നുമാണ് പൊലീസ് ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
ഇതിന് കാരണമായത് പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാണെന്നും ഇതിനെതിരെ വേണ്ടിവന്നാല്‍ പൊലീസ് സ്റ്റേഷന് ഉപരോധമുള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് മടിക്കില്ലെന്നുമാണ് എല്‍ഡിഎഫിന്റെ നിലപാട്. നാട്ടില്‍ നൂറ് കണക്കിന് സ്ത്രീകള്‍ ഇയാളുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയിരുന്നെന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. ആരോടും ഇവര്‍ ഈ സത്യം ഇത്രയും നാള് പറയാതിരുന്നത് മാനക്കേട് ഓര്‍ത്താണ്. ഇയാളുടെ ശല്യം കാരണം നാട്ടുകാരിലൊരാള്‍ അയ്യായിരം രൂപ മുടക്കി പട്ടിയെ വാങ്ങിയതായും അറിയാം. മദ്യവും മയക്കുമരുന്നും നല്കി ഇയാള്‍ നാട്ടില്‍ ഒരുപ്രദേശത്തെ ചെറുപ്പക്കാരെ വഴിതെറ്റിക്കുകയാണ്.
പഞ്ചായത്തംഗത്തില്‍ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രവര്ത്തനല്ല ഷാജഹാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും അതിനാല്‍ അയാള്‍ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്നും സിപിഎം നേതാക്കള്‍ പറയുന്നു.ഈ സാഹചര്യത്തില്‍ ഇയാളെ പഞ്ചായത്ത് കമ്മറ്റിയില്‍ പ്രവേശിപ്പിക്കുന്നതിന് സ്ത്രീകളും കുട്ടികളുമടക്കമുള്ള വലിയൊരുവിഭാഗം ജനങ്ങള്‍ എതിരാണുതാനും.പൊതുസമൂഹത്തില്‍ ഇത്രയും ചീത്തപ്പേരുണ്ടാക്കിയിട്ടും കോണ്‍ഗ്രസ് നേതൃത്വം ഇയാള്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതില്‍ അത്ഭുതമില്ലയെന്നും രാജ്മോഹന്‍ ഉണ്ണിത്താന് ഔദ്യോഗീക വക്താവായ പാര്‍ട്ടിയില്‍ നിന്നും ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും എല്‍ഡിഎഫ് നേതൃത്വം പറയുന്നു.
മെമ്പര്‍ എവിടെയാണെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് കൃത്യമായ വിവരമില്ലെന്നാണ് കോണ്‍ഗ്രസ് പ്രദേശിക നേതൃത്വത്തിന്റെ വെളിപ്പെടുത്തല്‍. പേസ്മേക്കര്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് ഷാജഹാനോട്് അങ്കമാലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയതായിരിക്കാമെന്നാണ് കരുതുന്നത്. കേസെടുത്തിരുന്നെങ്കിലും ഷാജഹാനെ പൊലീസ് അറസ്റ്റുചെയ്തിരുന്നില്ലെന്നും ഇത്തരത്തില്‍ സി പി എം നേതാക്കള്‍ നടത്തുന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വെളിപ്പെടുത്തല്‍. എന്തായാലും ഷാജഹാനെ അറസ്റ്റു ചെയ്യുംവരെ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ടു പോകാനാണ് ഇടതുപക്ഷത്തിന്റെ ഉദ്ദേശ്യം.