തൃക്കരുവ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച സംഭവത്തിന്റെ അന്വേഷണത്തിന് ഒച്ചിഴയും വേഗം
. ഇതില്‍ കരുനാഗപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ വിദേശത്തേക്ക് കടന്നിട്ട് വര്‍ഷം ഒന്നു കഴിയുന്നു. ആത്മഹത്യ ചെയ്ത രണ്ടു പെണ്‍കുട്ടികളും നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയായതിനെ തുടര്‍ന്ന് അഗതി മന്ദിരത്തില്‍ പാര്‍പ്പിക്കപ്പെട്ടവരാണ്. ലൈംഗികാതിക്രമത്തിന് ഇരയായ ശേഷം ഇവര്‍ വീടുകളില്‍ തുടര്‍ന്നും സുരക്ഷിതരല്ലാത്തതിനാലാണ് ശിശു ക്ഷേമസമിതി അധികൃതര്‍ മുന്‍ കൈയെടുത്ത് കുട്ടികളെ പുനരധിവാസകേന്ദ്രത്തില്‍ പാര്‍പ്പിച്ചത്. എന്നാല്‍ ഇരുവരും ആത്മഹത്യ ചെയ്തതില്‍ ദുരൂഹതകള്‍ ഇനിയും ബാക്കി നില്‍ക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ താമസിക്കുന്ന മുറിയില്‍ നിന്നും താഴേക്കിറങ്ങുന്ന പടിക്കെട്ടില്‍ നിന്ന് പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഒരാള്‍ പ്ലസ് വണിലും മറ്റെയാള്‍ പ്ലസ്ടുവിലുമായിരുന്നു പഠിച്ചിരുന്നത്. വാര്ഡന് വിവരമറിയിച്ച് സ്ഥലത്ത് എത്തിയ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ എസ് അജീത ബീഗം കുട്ടികള്‍ എഴുതിയതായി സംശയിക്കുന്ന ഡയറി കുറിപ്പുകള്‍ കണ്ടെടുത്തു. കടുത്ത ജീവിത നൈരാശ്യവും ഒറ്റപ്പെടലും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിട്ടുപിരിഞ്ഞു നില്‍ക്കുന്നതിലുള്ള ഏകാന്തതയുമാണ് തങ്ങളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന വിവരമാണ് ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നത്.
ആത്മഹത്യ ചെയ്ത കരുനാഗപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ക്ലാപ്പന സുനില്‍ ഇപ്പോള്‍ വിദേശത്താണ്.ഒരു വര്‍ഷം മുന്‍പ് പെണ്‍കുട്ടി പ്ലസ് വണിന് പഠിക്കുന്ന കാലത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. കുടുംബവീട്ടില്‍ സന്ധ്യാദീപം തെളിക്കാന്‍ പോയ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ അനിയത്തിമാര്‍ക്കും ഈ ഗതി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടുകാര്‍ പറയുന്നു. ഈ ഭീഷണിയുടെ മറവില്‍ പിന്നീട് പല തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. അനിയത്തിമാരെ ഉപദ്രവിക്കുമെന്ന് ഭയന്ന് വീട്ടുകാരോട് വിവരം പറഞ്ഞിരുന്നുമില്ല. ഗര്‍ഭിണിയാണെന്ന സംശയത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കൂട്ടുകാരിയുടെ അമ്മ ഈ വിവരം സ്്കൂളില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുക്കുന്നത്. പിന്നീട് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെ നില്ക്കാന് പെണ്‍കുട്ടിക്ക് താല്‍പ്പര്യമില്ലായിരുന്നെന്ന് അമ്മ പറയുന്നു. ഈ കുട്ടിയോടൊപ്പം ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച അടുത്ത ബന്ധു പോക്സോ നിയമപ്രകാരം ശിക്ഷ അനുഭവിച്ചുവരികയാണ്. ഇതേസമയം പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം വിദേശത്തേക്ക് കടന്ന സുനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കരുനാഗപ്പള്ളി പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.