തൊടുപുഴ: മാതാപിതാക്കളില്ലാത്ത സമയം വീട്ടിൽ കയറി പതിനഞ്ചുകാരനു നേരേ ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റു ചെയ്തു.
പെരുന്പാവൂർ മുടിക്കൽ പാലക്കാട്ടുതാഴം മുക്കാട വീട്ടിൽ മൈതിനെ (46) ആണ് തൊടുപുഴ എസ്ഐ അജയകുമാറും ഡിവൈഎസ്പി സ്ക്വാഡും ചേർന്ന് അറസ്റ്റു ചെയ്തത്. മണക്കാട് നെല്ലിക്കാവിൽ കഴിഞ്ഞ ഏഴിനായിരുന്നു സംഭവം.
തുണി ഇൻസ്റ്റാൾമെന്റിൽ വിൽപ്പന നടത്തുന്ന പ്രതി ഇതിന്റെ പണം പിരിക്കാനെത്തിയപ്പോഴായിരുന്നു അതിക്രമം നടത്തിയത്. പിന്നീട് വീട്ടിലെത്തിയ അമ്മയോട് കുട്ടി വിവരം പറയുകയായിരുന്നു.
പിന്നീട് കഴിഞ്ഞ 21ന് വീണ്ടുമെത്തിയപ്പോഴും ഇതേ രീതിയിൽ കുട്ടിയ്ക്കു നേരേ ലൈംഗികാതിക്രമത്തിനു മുതിർന്നപ്പോൾ അമ്മ കാണുകയായിരുന്നു. തുടർന്ന് ഇവർ ചൈൽഡ് ലൈനിൽ പരാതി നൽകി.
ഇവർ നിർദേശിച്ചതനുസരിച്ച് കുട്ടി പോലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടി കൂടിയത്. ഇയാൾക്കെതിരേ പോക്സോ വകുപ്പു പ്രകാരം കേസെടുത്തു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.