പത്തനംതിട്ട: കാറില്‍ കയറ്റിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് യുവതിക്കു ലഹരി നൽകിയശേഷം ശാരീരികമായി അപമാനിച്ച സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റില്‍.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കല്ലുപ്പാറ കടമാന്‍കുളം ചാമക്കുന്ന് കോളനിയില്‍ ബസലേല്‍ സി. മാത്യു (പ്രവീൺ, 37), തിരുവല്ല യമുനാ നഗര്‍ ദര്‍ശനഭവനം വീട്ടില്‍ സ്റ്റോയി വര്‍ഗീസ് (30) എന്നിവരെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ മൂന്നിന് വൈകുന്നേരം നാലോടെ കടമാങ്കുളം ഗവണ്മെന്റ് ഹെല്‍ത്ത് സെന്ററിന് സമീപം റോഡില്‍നിന്നാണ് യുവതിയെ ഒന്നാംപ്രതിയായ പ്രവീണ്‍ ബലം പ്രയോഗിച്ചു കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടുപോയതെന്നു പറയുന്നു.പിന്‍സീറ്റിലിരുന്ന് ഇയാള്‍ വെള്ളക്കടലാസില്‍ പൊതിഞ്ഞ കഞ്ചാവെടുത്ത് യുവതിക്കുനേരേ നീട്ടി വലിക്കാന്‍ ആവശ്യപ്പെട്ടു.
നിരസിച്ചപ്പോള്‍ യുവതിയെ ശാരീരികമായി അപമാനിച്ചു. രണ്ടാം പ്രതി സ്റ്റോയി വര്‍ഗീസ് കൈയിലിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിക്കുകയായിരുന്നു. ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പ്രവീണിനൊപ്പം യാത്ര പോയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി.
വൈകുന്നേരം 6.30 ഓടെ പ്രതിഭ ജംഗ്ഷനിൽ യുവതിയെ ഇറക്കിവിടുകയായിരുന്നു. പിറ്റേന്ന് ഇതേസമയം രണ്ടും മൂന്നും പ്രതികള്‍ കാറിലെത്തി കല്ലൂപ്പാറയില്‍ വച്ച് യുവതിയെ അസഭ്യം വിളിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കഴിഞ്ഞ ഏഴിനു കീഴ്വായ്പൂര് പോലീസിൽ യുവതി പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് യുവതിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.2007 മുതല്‍ കീഴ്വായ്പൂര് പോലീസ് രജിസ്റ്റര്‍ ചെയ്ത ആറു കേസുകളിലും തിരുവല്ല പോലീസ് സ്റ്റേഷനില്‍ എടുത്ത നാലു കേസുകളിലും വെച്ചൂച്ചിറ, കോയിപ്രം, ചിങ്ങവനം നൂറനാട് എന്നീ സ്റ്റേഷനുകളിലെ ഓരോന്നു വീതം കേസുകളിലും പ്രതിയാണ് ബസലേല്‍ സി. മാത്യുവെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ ഇരുവരെയും ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്റെ മേല്‍നോട്ടത്തില്‍, കീഴ്വായ്പൂര് പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എസ്ഐമാരായ സതീഷ് ശേഖര്‍, പി.പി. മനോജ്കുമാര്‍ തുടങ്ങിയവരടങ്ങിയ പ്രത്യേകസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.