പത്തനംതിട്ട: പതിമൂന്നുകാരിയെ നേരിൽ പരിചയപ്പെട്ട ശേഷം തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുക്കുകയും കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിച്ച് കൈവശപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോൾ കർണാടക മംഗലാപുരത്ത് എംഎസ്സി വിദ്യാർഥിയുമായ സ്റ്റെബിൻ ഷിബു (22)വാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്.
എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2023 മേയിൽ ഇയാൾ പരിചയപ്പെടുകയും, തുടർന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്തു.പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിച്ചു കൊള്ളാമെന്ന ഉറപ്പിൽ ഇയാൾ തന്റെ ഫോണിൽനിന്ന് കുട്ടി ഉപയോഗിക്കുന്ന അമ്മയുടെ പേരിലുള്ള ഫോണിലേക്ക് വാട്സാപ്പിലൂടെ നഗ്ന ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തു.
പിന്നീട് 2024 സെപ്റ്റംബർ 28 വരെയുള്ള കാലയളവിൽ കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിപ്പിച്ച് ഇൻസ്റ്റഗ്രാം വഴി കൈക്കലാക്കുകയും ചെയ്തു.യുവാവിന്റെ നിരന്തരമായ നിർബന്ധത്താൽ ഇത്തരം ചിത്രങ്ങൾ അയച്ചുകൊടുത്ത കുട്ടി, ഇക്കാര്യത്തിൽ മനോവിഷമത്താൽ കരയുന്നതുകണ്ട് വീട്ടുകാർ തിരക്കിയപ്പോഴാണ് വിവരങ്ങൾ ബോധ്യപ്പെട്ടത്.
യുവാവിന്റെ ശല്യം സഹിക്കവയ്യാതെ വീട്ടുകാർ കോയിപ്രം പോലീസിനെ സമീപിക്കുകയായിരുന്നു. മാതാവിന്റെ സാന്നിധ്യത്തിൽ കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തുകയും ചെയ്തു. അറസ്റ്റിലായ സ്റ്റെബിൻ ഷിബുവിനെ കോടതി റിമാൻഡ് ചെയ്തു.