തിരുവനന്തപുരം: തിരുവനന്തപുരത്തു നടുറോഡിൽ സ്ത്രീക്കു നേരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്.
മൂലവിളാകത്തു താമസിക്കുന്ന സ്ത്രീക്കാണു ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ 13ന് രാത്രി 11നാണ് സംഭവം. സംഭവം നടന്നു നിമിഷങ്ങൾക്കകം പേട്ട പോലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പോലീസ് അനങ്ങിയില്ലെന്നാണു പരാതി.
മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പോലീസ് കേസെടുത്തത് മൂന്നു ദിവസത്തിനു ശേഷം .
മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്നു വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ മൂലവിളാകം ജംഗഷ്നിൽ നിന്ന് അജ്ഞാതനായ ഒരാൾ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
വീട്ടിലെത്തി മകളോടു കാര്യം പറഞ്ഞു. മകൾ പേട്ട പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ ഒന്നുമുണ്ടായില്ല.
പോലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്കു പോയി. ഒരുമണിക്കൂർ കഴിഞ്ഞു തിരിച്ചുവിളിച്ച പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് സ്റ്റേഷനിലെത്തി മൊഴി നൽകാൻ.
സംഭവം നടന്ന് മൂന്നു ദിവസം അനങ്ങാതിരുന്ന പോലീസ് കേസെടുത്തത് പരാതിക്കാരി കമ്മീഷണർക്കു പരാതി നൽകിയതിനു ശേഷമാണ്. അന്വേഷണം തുടരുകയാണെന്നാണ് ഇപ്പോഴും പോലീസ് അറിയിക്കുന്നത്.സിസിടിവി ദൃശ്യ ങ്ങളടക്കം ശേഖരിച്ചിട്ടു ണ്ടെന്ന് പോലീസ് പറഞ്ഞു.
‘പോലീസ് ഒരു സഹായവും ചെയ്തില്ല’
തിരുവനന്തപുരം: തനിക്കുനേരേ അക്രമം നടന്ന് മിനിറ്റുകൾക്കകം വിളിച്ചറിയിച്ചിട്ടും പേട്ട പോലീസ് ഒരു സഹായവും ചെയ്തില്ലെന്ന് മൂലവിളാകത്ത് അജ്ഞാതന്റെ ആക്രമണത്തിന് ഇരയായ സ്ത്രീ.
മൊഴി രേഖപ്പെടുത്താൻ പോലീസ് സ്റ്റേഷനിലെത്താനാണ് പോലീസ് ആവശ്യപ്പെട്ടത്. മേൽവിലാസം ചോദിച്ചതല്ലാതെ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.
തന്റെ വീടിനു മുന്നിൽ വച്ചു നടന്ന സംഭവത്തിൽ വിളിച്ച് അറിയിച്ച ഉടൻ പോലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ പ്രതിയെ പിടികൂടാൻ കഴിയുമായിരുന്നെന്നും അവർ പറഞ്ഞു.
കഴിഞ്ഞ 13 നാണ് വഞ്ചിയൂർ മൂലവിളാകം സ്വദേശിയായ യുവതിയെ രാത്രിയിൽ മരുന്നു വാങ്ങാൻ പോയി തിരിച്ചു വരുന്ന വഴി അജ്ഞാതൻ അതിക്രൂരമായി ആക്രമിച്ചത്.
മകളാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. ആക്രമത്തെ തുടർന്ന് കണ്ണിന് അടക്കം ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ എത്രയും വേഗം ആശുപത്രിയിൽ പോകേണ്ട തുണ്ടയിരുന്നു.
ആംബുലൻസ് ലഭ്യമാക്കാമോ എന്ന് പേട്ട പോലീസിനോട് മകൾ അഭ്യർഥിച്ചെങ്കിലും പോലീസ് അനങ്ങിയില്ല. തുടർന്ന് മകൾക്കൊപ്പം മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിലെത്തിയത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്പോൾ പോലീസ് സ്റ്റേഷനിൽ നിന്നു വിളിച്ച് മൊഴി നൽകാൻ സ്റ്റേഷനിൽ ചെല്ലണമെന്നു മാത്രമാണ് പോലീസ് പറഞ്ഞത്.