കോഴിക്കോട്: ലൈംഗിക പീഡനവും അതിക്രമവും സഹിക്കാനാവാതെ റഷ്യന്‍ യുവതി കൂരാച്ചുണ്ടിലെ സുഹൃത്തിന്റെ വീടിനു മുകളില്‍നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു.
സാരമായി പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ്. യുവതിയുടെ സുഹൃത്തു സ്ഥലത്തുനിന്നു മുങ്ങി.
സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് സ്റ്റേഷന് ഓഫീസറോട് വനിതാ കമ്മീഷന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാതൃശിശു സംക്ഷണ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണു യുവതി ചികിത്സയില്‍ കഴിയുന്നത്. യുവതി അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കൂരാച്ചുണ്ട് കാളങ്ങാലി ഓലക്കുന്നത്ത് അഖില്‍ (28) ആണ് യുവതിയുടെ സുഹൃത്ത്.ഇയാളുടെ ഉപദ്രവത്തത്തുടര്ന്ന് കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടിയെന്നാണു നാട്ടുകാര്‍ പറയുന്നത്.
അഖിലിന്റെ കൂരാച്ചുണ്ട് കാളാങ്ങാലിയിലെ വാടക വീട്ടിലാണു സംഭവം. ഖത്തറില്‍ ജോലി ചെയ്യുന്ന അഖില്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് റഷ്യന്‍ യുവതിയെ പരിചയപ്പെടുന്നത്.
ഏതാനും ആഴ്ചകള്‍ക്കു മുമ്പു യുവതി ഇയാളെ തേടി കൂരാച്ചുണ്ടില്‍ എത്തുകയായിരുന്നു. ആദ്യം റിസോര്‍ട്ടിലായിരുന്നു താമസം. പിന്നീട് അഖിലിന്റെ വീട്ടിലേക്കു താമസം മാറ്റി.
ഇവിടെ വച്ച് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായതിനെത്തുടര്‍ന്നു യുവാവിന്റെ മാതാപിതാക്കള്‍ ഇവരെ പുറത്താക്കി. ഇതോടെ ഒരു വാടക വീട്ടിലായിരുന്നു ഇവര്‍ താമസം.
കഴിഞ്ഞ ദിവസം യുവതിക്കുനേരെ ആക്രമണം നടക്കുകയും ഒന്നാം നിലയില്‍നിന്നു പ്രാണരക്ഷാര്‍ഥം യുവതി എടുത്തുചാടുകയായിരുന്നുവെന്നാണു കരുതുന്നത്.
കെട്ടിടത്തില്‍നിന്നു ചാടിയശേഷം തൊട്ടടുത്ത കടയില്‍ അഭയം തേടി.വീട്ടിലെ ബഹളം നാട്ടുകാരാണു പോലീസില്‍ അറിയിച്ചത്. ആദ്യം കൂരാച്ചുണ്ടിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്.
യുവതിയുടെ ശരീരത്തില്‍ പരുക്കുള്ളതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
വാര്‍ഡിലേക്കു മാറ്റിയശേഷം ഇന്നു മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. റഷ്യന്‍ ഭാഷ അറിയുന്ന ദ്വിഭാഷിയുടെ സഹായത്തോടെ മൊഴിയെടുക്കാനാണ് പോലീസ് ശ്രമം.
യുവതി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ കോളജ് പോലീസ് അസി. കമ്മീഷണര്‍ കെ.സുദര്ശന് പറഞ്ഞു.
അതിനിടെ, സംഭവത്തിനുശേഷം അഖില്‍ മുങ്ങിയിരിക്കുകയാണ്. വനിതാ കമ്മീഷന് കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് പോലീസ് യുവാവിനുവേണ്ടി തെരച്ചില്‍ തുടങ്ങി.