കൊച്ചി: നടിയുടെ ലൈംഗികപീഡന പരാതിയില്‍ നടന്മാരായ എം. മുകേഷ് എംഎല്‍എ, ഇടവേള ബാബു എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തുടര്‍നടപടികളിലേക്കു കടക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നിയമോപദേശം തേടും.
നിലവില്‍ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം സംബന്ധിച്ച റിപ്പോര്‍ട്ട് എസ്ഐടിക്കു ലഭിച്ചിട്ടുണ്ട്. ഇടവേള ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സംബന്ധിച്ച കോടതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഇതുകൂടി ലഭിച്ചശേഷമാകും നിയമോപദേശം തേടുക.
ഇതിനുശേഷം പ്രതികളുടെ അറസ്റ്റ്, വൈദ്യപരിശോധന, ലൈംഗികശേഷി പരിശോധന എന്നിവ നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയാലും ഇരുവര്‍ക്കും ജാമ്യം ലഭിക്കും.
പിന്നീട് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ചോദ്യംചെയ്യൽ ഉള്‍പ്പെടെയുള്ള നടപടികളുമായി സഹകരിച്ചാല്‍ മതിയാകും. ബലാത്സംഗക്കുറ്റം ചുമത്തുമ്പോള്‍ സാധാരണ സ്വീകരിച്ചുവരുന്ന എല്ലാ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അതേസമയം, കേസില്‍ അപ്പീലിനു പോകാനും അന്വേഷണസംഘം നീക്കം തുടങ്ങിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണു മുകേഷിനും ഇടവേള ബാബുവിനും ഉപാധികളോടെ എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.