അര്‍ധബോധാവസ്ഥയില്‍ നല്കുന്ന അനുമതി ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി.
വിദ്യാര്‍ഥിനിയെ ലഹരിനല്‍കി അര്‍ധബോധാവസ്ഥയിലാക്കി ബലാത്സംഗംചെയ്തെന്ന കേസില്‍, പ്രതിയുടെ മുന്‍കൂര്‍ജാമ്യഹര്‍ജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമമടക്കം ചുമത്തി രാമമംഗലം പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് പരാമര്‍ശം.
പ്രതിയുടെ മുന്‍കൂര്‍ജാമ്യഹര്‍ജി എറണാകുളം പ്രത്യേകകോടതിയും തള്ളിയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നെന്നും പിന്മാറിയതിനെത്തുടര്ന്ന് വിദ്യാര്‍ഥിനി വ്യാജപരാതി നല്‍കിയെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.
കഴിഞ്ഞവര്‍ഷം നവംബര്‍ 18ന് കോളേജില്‍വെച്ചാണ് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായത്. സംഭവദിവസം പ്രതി പെണ്‍കുട്ടിയെ കോളേജ് ലൈബ്രറിയിലേക്ക് വിളിച്ചു.
അവിടെയെത്തിയപ്പോള്‍ പ്രതിയും സുഹൃത്തുക്കളും മദ്യപിക്കുന്നതും പുക വലിക്കുന്നതുമാണ് പെണ്‍കുട്ടി കണ്ടത്.
പെണ്‍കുട്ടിയോടും പുകവലിക്കാന്‍ ആവശ്യപ്പെട്ടു. തയ്യാറാകാതിരുന്നപ്പോള്‍ പ്രതി കേക്കും കുപ്പിവെള്ളവും നല്കി. ഇത് കഴിച്ചപ്പോള്‍ കാഴ്ച കുറയുകയും അര്ധബോധാവസ്ഥയിലാകുകയുമായിരുന്നു.
തുടര്‍ന്ന് കോളേജിന്റെ മുകള്‍നിലയില്‍ കൊണ്ടുപോയി ബലാത്സംഗംചെയ്തെന്നാണ് കേസ്.
തുടര്‍ന്ന് ഡിസംബര്‍ ഏഴുവരെ പലദിവസങ്ങളില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.