തിരുവല്ല: യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ അന്പത്തേഴുകാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ ഫിലിപ്പ് തോമസാണ് (57) അറസ്റ്റിലായത്.
മൂന്നാഴ്ച മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പാചകവാതക സിലിണ്ടറിൽ ചോർച്ച ഉണ്ടായതിനെത്തുടർന്ന് യുവതി പ്ലംബിംഗ് ജോലിക്കാരൻ കൂടിയായ ഫിലിപ്പ് തോമസിന്റെ സഹായം തേടി.
സിലിണ്ടറിന്റെ ചോർച്ച പരിഹരിക്കുന്നതിനായി യുവതിയുടെ വീട്ടിലെ അടുക്കളയിൽ എത്തിയ ഇയാൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളംവച്ചതിനെത്തുടർന്ന് വീട്ടിലെ ഹാളിൽ ഉണ്ടായിരുന്ന ഭർത്താവ് ഓടിയെത്തി.
സംഭവശേഷം ഒളിവിൽ പോയ ഇയാളെ തിരുവല്ല ഡിവൈഎസ്പി എസ്.ആഷാദിന്റെ നിർദേശ പ്രകാരം സിഐ ബി.കെ. സുനിൽ കൃഷ്ണൻ അടങ്ങുന്ന പ്രത്യേക സംഘം വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.