ചേര്‍ത്തല: മദ്രസയിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മദ്രസ അധ്യാപകനു 29 വര്‍ഷം തടവും രണ്ടരലക്ഷം രൂപ പിഴയും വിധിച്ചു. ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് അരൂക്കുറ്റി വടുതല ചക്കാല നികര്ത്തവീട്ടില് മുഹമ്മദിനെ (58) ശിക്ഷിച്ചത്.
ചന്തിരൂരിലുള്ള മദ്രസയില്‍ അധ്യാപകനായി ജോലി നോക്കിയിരുന്ന പ്രതി 2022 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള വിവിധ ദിവസങ്ങളില്‍ മദ്രസയിലെ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ ലൈംഗികാതിക്രമം നടത്തിയതിന് ആറുവര്‍ഷം വീതം 24 വര്‍ഷം തടവും രണ്ടു ലക്ഷം പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിനു അഞ്ചു വര്‍ഷം തടവും 50,000 പിഴയും അടക്കമാണ് ശിക്ഷ.
വിവിധ ശിക്ഷാ കാലാവധികള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നു കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ടി. ബിനാ കാര്ത്തികേയന്, അഡ്വ.വി.എല്‍ ഭാഗ്യലക്ഷ്മി എന്നിവര്‍ കോടതിയില്‍ ഹാജരായി.