കൊച്ചി: ശിശുക്ഷേമ സമിതി ഏറ്റെടുത്ത പതിനാലുകാരി മരിച്ച സംഭവത്തില്‍ കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നറിയണമെന്ന് മാതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും ഇവർ പരാതി നല്‍കിയിട്ടുണ്ട്.
കുട്ടിക്കു മരണകാരണമാകാവുന്ന അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മതയിയായ ഭക്ഷണമോ ചികിത്സയോ ലഭിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
ഒരു കുഴപ്പവുമില്ലാതെയാണ് വീട്ടില്‍നിന്നും കുട്ടിയെ കൊണ്ടുപോയത്. മൃതദേഹത്തില്‍ പാടുകളുണ്ട്. കുട്ടിയെ കാണാന്‍ ചെന്നപ്പോള്‍ അപേക്ഷയും തിരിച്ചറിയല്‍ കാര്‍ഡുമായും വരാന്‍ ആവശ്യപ്പെട്ട് തിരിച്ചയച്ചു.
ചൊവ്വാഴ്ച രാത്രി ഫോണില്‍ വിളിച്ചു കുട്ടി മരിച്ചുവെന്നു പറയുകയായിരുന്നു. കുട്ടിക്ക് അസുഖമായിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നില്ല. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയണമെന്നും മാതാവ് ആവശ്യപ്പെടുന്നു.
കഴിഞ്ഞ 11നാണ് കുട്ടിയെ പച്ചാളത്തെ ശിശുവികസന വകുപ്പിന്റെ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛനും സുഹൃത്തും ചേര്‍ന്നു പീഡിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്നു 2019 ഏപ്രില്‍ മുതല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്റെ സംരക്ഷണയിലായിരുന്നു കുട്ടി. പീഡനവുമായി ബന്ധപ്പെട്ടു പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അതേസമയം പെൺകുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കും. മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്ജന് നല്കിയ പ്രാഥമിക വിവരവും പെൺകുട്ടി ന്യുമോണിയ ബാധിച്ചു മരിച്ചുവെന്നാണ്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പോലീസിന് കൈമാറിയിട്ടില്ലെന്നും ഇന്നു ലഭിക്കുമെന്നും കേസില്‍ അന്വേഷണം നടത്തുന്ന നോര്‍ത്ത് പോലീസ് അറിയിച്ചു.
സംഭവത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, വനിത ശിശു വികസന ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കെയര്‍ ഹോമില്‍ സംരക്ഷണയിലായിരുന്ന കുട്ടി മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് കമ്മീഷണര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരോടാണ് കമ്മീഷന് ചെയര്മാന് കെ.വി. മനോജ്കുമാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ റിപ്പോര്‍ട്ടും ഏറെ വൈകാതെ കൈമാറുമെന്നാണു സൂചന.