കൊല്ലം: പോലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ നേതാവിനെ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിൽനിന്നു ബലമായി മോചിപ്പിച്ചു. വാഹനപരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ നേതാവിനെയാണു പ്രവർത്തകർ സംഘടിച്ചെത്തി മോചിപ്പിച്ചത്.
ഇരവിപുരം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ രാത്രിയാണു സംഭവം. വാഹനപരിശോധനയ്ക്കിടെ ഇരവിപുരം എസ്ഐ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മറ്റി അംഗം സച്ചിൻ ദാസിനെ ഇറക്കാനാണു ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉൾപ്പെട്ട സംഘം സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിൽ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേതുടർന്നു പോലീസുകാർക്കു നേരെ പ്രവർത്തകർ അസഭ്യവർഷം നടത്തുകയായിരുന്നു.
മതിയായ രേഖകളില്ലാതിരുന്നതിനെ തുടർന്നു വാഹനം മോഷ്ടിച്ചതാകാമെന്ന സംശയത്തിലാണു പോലീസ് സച്ചിനെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചത്. രേഖകൾ കൃത്യമാണെന്നു മനസിലാക്കിയതോടെ ഇയാളെ വിട്ടയക്കാൻ തീരുമാനിച്ചു. ഇതിനിടെയായിരുന്നു പ്രവർത്തകരുടെ അസഭ്യവർഷം.
സംഭവത്തിൽ ഏഴുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. സച്ചിൻദാസ്, ഡിവൈഎഫ്ഐ മയ്യനാട് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിവർ കേസിൽ പ്രതികളാണ്.