വടകര: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അഖിൽ എന്ന എസ്എഫ്ഐ പ്രവർത്തകനെ സ്വന്തം നേതാക്കൾ കുത്തി വീഴ്ത്തിയത് കലാലയ ഫാസിസത്തിന്റ ഭികര മുഖമാണെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു. സിപിഎമ്മിന്റെ പൂർണ സംരക്ഷണത്തിലാണ് കാന്പസുകളിൽ എസ്എഫ്ഐ ക്രിമിനലുകൾ അഴിഞ്ഞാടി കൊണ്ടിരിക്കുന്നത്.
എകെജി സെന്ററിന്റെ മൂക്കിനു താഴെയുള്ള യൂണിവേഴ്സിറ്റി കോളജിൽ യൂണിയൻ ഓഫിസിൽ ഇടിമുറികളും ആയുധശേഖരവും ഉണ്ടാകുന്നത് തലസ്ഥാന നഗരത്തിലെ സിപിഎമ്മിന്റെ രാഷ്ടീയ തീരുമാനത്തിന്റെ ഭാഗമായാണ്. നഗരത്തിലെ രാഷ്ട്രീയ അക്രമങ്ങൾക്ക് കാലങ്ങളായി പാർട്ടി ഉപയോഗപ്പെടുത്തുന്നത് ഇവരെയാണ്. ക്രിമിനലുകൾക്ക് എല്ലാ ഒത്താശയും നൽകുന്നത് പാർട്ടി അനുഭാവികളായ അധ്യാപകരാണ്.
അത്തരക്കാരാണ് ഭൂരിപക്ഷവും ഇവിടെ നിയമിക്കപ്പെടുന്നത്. മണിക്കൂറുകൾ നീണ്ട സംഘർഷം നടന്നിട്ടും പ്രിൻസിപ്പൽ അറിഞ്ഞില്ല എന്നത് യാദൃശ്ചികമല്ല. സംഘർഷമുണ്ടായാൽ കോളജ് ക്യാന്പസിനുള്ളിൽ കടക്കാൻ പോലിസിന് ആരുടെയും അനുവാദം വേണ്ടന്ന ഹൈക്കോടതി വിധി നിലനിൽക്കെ പോലിസ് കാഴ്ചക്കാരായി മാറിയത് ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ കൊണ്ടാണ്.
കേരളത്തിൽ എസ്എഫ്ഐ ക്ക് ആധിപത്യമുള്ള ഒരു കോളജിലും മറ്റു വിദ്യാഥി സംഘടനാ പ്രവർത്തനം അനുവദിക്കപ്പെടുന്നില്ല. കോളജ് തെരഞ്ഞെടുപ്പിൽ പത്രിക നൽകാൻ പോലും കഴിയുന്നില്ല. പെണ്കുട്ടികളെ മണിക്കൂറുകൾ ബന്ദികളാക്കിയ സംഭവങ്ങൾ വിവിധ കോളജുകളിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം ഗുണ്ടായിസത്തെ തടയാൻ ശ്രമിക്കുന്ന അധ്യാപകർക്കും രക്ഷയില്ലാത്ത അവസ്ഥയാണ്.
അവരുടെ കസേരകളും കാറും കത്തിച്ച് ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് രാഷ്ടീയ നേതൃത്വം സ്വീകരിച്ചത്. സ്വതന്ത്ര ജനാധിപത്യ ക്യാന്പസ് രാഷ്ട്രീയം കേരളത്തിൽ കഴിച്ചുമൂടപ്പെടുകയാണ്. സിപിഎം ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പഠനകളരികളാക്കി എസ്എഫ്ഐക്കാർ കലാലയങ്ങളെ മാറ്റിയതിനെതിരെ ജനാധിപത്യ കേരളം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നു വേണു പ്രസ്താവനയിൽ പറഞ്ഞു.