കോട്ടയം: സർക്കാരിനും സിപിഎമ്മിനും തലവേദന സൃഷ്ടിച്ച് എസ്എഫ്ഐ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോളജ് കാന്പസുകളിൽ എസ്എഫ്ഐയുടെ അക്രമങ്ങൾ സർക്കാരിനു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനൊപ്പം സിപിഎമ്മിനു വിശദീകരിക്കേണ്ടതായും വരുന്നു.
ഭരിക്കുന്ന പാർട്ടിയുടെ കുട്ടിസഖാക്കളെ തള്ളാനാകാതെ ഇതിനിടയിൽ പോലീസ് കുഴങ്ങുകയാണ്. പാലായിൽ യൂണിഫോമിലുള്ള എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവം വലിയ ആഘാതമാണു സിപിഎമ്മിനുണ്ടാക്കിയത്. കഴിഞ്ഞ ദിവസം കോട്ടയം സിഎംഎസ് കോളജിലുണ്ടായ അക്രമം വലിയ സംഘർഷത്തിലേക്ക് നീങ്ങി.
സംഘർഷത്തിനുശേഷം അടച്ചിട്ട കോളജ് മൂന്നു ദിവസത്തിനുശേഷം ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകളെത്തുടർന്നാണു വീണ്ടും തുറന്നത്. വാഴൂർ കോളജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം കോളജ് അടച്ചിടുന്നതു വരെയെത്തി.
ഇതിനുശേഷമാണ് പാലാ പോളിടെക്നിക് കോളജിലെ എസ്എഫ്ഐ – കെഎസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം തീർപ്പാക്കാൻ എത്തിയ എസ്ഐയെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തത്. സംഭവത്തിൽ കൈക്ക് പരിക്കേറ്റ പാലാ സ്റ്റേഷനിലെ എസ്ഐ പി.കെ. മാണി പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എൻ. ആർ. വിഷ്ണു (22), പ്രവർത്തകരായ സച്ചിൻ (20), തോമസ് ജോസ് (18) എന്നിവർക്കെതിരെ പാലാ പോലീസ് കേസെടുത്തു.
പാലായിൽ ബുധനാഴ്ച വൈകുന്നേരം 4.30നാണ് എസ്എഫ് ഐ – കെഎസ്യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. കോളജ് പ്രിൻസിപ്പൽ പോലീസ് സഹായം അഭ്യർഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കോളജിലെത്തിയത്. പ്രശ്നം പരിഹരിച്ച് വിദ്യാർഥികൾ കാന്പസിൽനിന്ന് പിരിഞ്ഞു പോകുന്നതു വരെ പോലീസ് കോളജിനു പുറത്ത് കാത്തിരുന്നു.
ഇതിനിടയിൽ കോളജിൽനിന്ന് പുറത്തുപോയ അക്ഷയ് സജീവ്, എ. അന്പു എന്നിവർ ബൈക്ക് എടുക്കാനായി തിരിച്ചെത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ ഇവരെ റോഡിൽ തടഞ്ഞു നിർത്തി കയ്യേറ്റം ചെയ്തു.
ഇതിന് തടസം പിടിക്കാൻ എത്തിയ എസ്ഐയെ പിടിച്ചു തള്ളുകയും കൈപിടിച്ച് തിരിക്കുകയും ചെയ്യുകയായിരുന്നു. ‘താൻ പോടോ, പോയി പണിനോക്ക്, താൻ എത്ര കാലം കാക്കിയിട്ട് ഇവിടെ ഇരിക്കും എന്നു നോക്കട്ട്’ തുടങ്ങിയ ഭീഷണികളാണ് എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്നുമുണ്ടായത്.
കെഎസ്യു ഉണ്ടാക്കിയ സംഘർഷത്തിൽ ഇടപെടാത്ത പോലീസ് ഇപ്പോൾ എസ്എഫ്ഐ പ്രവർത്തകരെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു തട്ടിക്കയറിയത്. സംഭവത്തിൽ ആദ്യം പോലീസ് നടപടിയൊന്നും എടുത്തിരുന്നില്ല.
ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മൂന്നു പേർക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. മൂന്നു പേരെയും പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. ഒരു വിദ്യാർഥി സംഘടനയിലും അംഗമല്ലാത്ത അക്ഷയ് സജീവ് കഴിഞ്ഞ കോളജ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി എസ്എഫ്ഐക്ക് എതിരെ മത്സരിച്ച് ക്ലാസ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കുറച്ച് ദിവസങ്ങളായി എസ്എഫ്ഐ – എബിവിപി പ്രവർത്തകർ തമ്മിൽ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടും പോളിടെക്നിക്കിൽ പ്രശ്നം നിലനിൽക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, സിപിഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.