തിരുവനന്തപുരം: എസ്എഫ്ഐയിൽ സാമൂഹ്യ വിരുദ്ധ ശക്തികൾ കടന്നു കയറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ അക്രമം സമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായും സെക്രട്ടേറിയറ്റ് വിലയിരുത്തി.
കോളജിലെ എസ്എഫ്ഐ യൂണിറ്റു കമ്മിറ്റിയുമായി ബന്ധപ്പെട്ടു പാർട്ടി സംസ്ഥാന നേതൃത്വത്തിനും പരാതികൾ ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയോടു വേണ്ട രീതിയിൽ ഇടപെടാനും നിർദേശിച്ചിരുന്നു.
എന്നാൽ അതുണ്ടായില്ല. പാർട്ടി നേതൃത്വം വേണ്ട രീതിയിൽ ഇടപെട്ടിരുന്നൂവെങ്കിൽ ഇപ്പോഴത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും എസ്എഫ്ഐയിൽ ഇത്തരം പ്രവണത ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
അപവാദങ്ങൾ പ്രതിരോധിക്കാൻ പ്രചാരണം ശക്തമാക്കണമെന്നും സെക്രട്ടേറിയറ്റ് നിർദേശം നൽകി.