കട്ടപ്പന: ആക്രണമുണ്ടാക്കി അരാജകത്വം സൃഷ്ടിക്കുന്ന എസ്എഫ്ഐ യുവതലമുറയെ നശിപ്പിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്എഫ്ഐ, താലിബാന് മോഡലിനും അപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു. പോലീസ് ഇവര്‍ക്കു മുമ്പില്‍ മുട്ടുമടക്കുകയാണ്. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും സഹപാഠികളെയും കൊന്നൊടുക്കുന്ന രീതിയിലേക്ക് കേരളത്തിന്റെ യുവത്വത്തെ ഭരണകൂടം നയിക്കുകയാണ്.
എന്നാല്‍, ഇതിന്റെ ഉത്തരവാദിത്വം മലയാള സിനിമയ്ക്കുമേല് ചുമത്തി യാഥാർഥ്യം മറയ്ക്കുകയാണ്. എന്നാല്‍ ഇത്തരം സിനിമകള്‍ക്ക് അനുമതി നല്‍കുന്നത് ഇതേ സര്‍ക്കാരാണെന്നും എംപി കുറ്റപ്പെടുത്തി.
ചടങ്ങില്‍ മുന്‍ മണ്ഡലം പ്രസിഡന്റുമാരുടെ ഛായാചിത്രങ്ങള്‍ അനാച്ഛാദനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ. എം. ആഗസ്തി, തോമസ് രാജന്, ജോര്‍ജ് ജോസഫ് പടവന്, ജോയി വെട്ടിക്കുഴി, ജോയി തോമസ്, അഡ്വ. കെ. ജെ. ബെന്നി, തോമസ് മൈക്കിള്‍, ഫ്രാന്‍സിസ് അറയ്ക്കപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.