തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ ഗുണ്ടായിസം തുടരുന്നു. കോളജിലെ എസ്എഫ്ഐ നേതാക്കൾ ചേർന്ന് മൂന്നാം വർഷ ബിരുദ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു. അഖിൽ എന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. ഇയാളെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്കും മാറ്റി.
കോളജ് കാന്പസിലെ മരച്ചുവട്ടിൽ ഇരുന്ന് പാട്ടുപാടിയതിനാണ് എസ്എഫ്ഐ നേതാക്കൾ വിദ്യാർഥിയെ കുത്തിയതെന്നാണ് സഹപാഠികൾ പറയുന്നത്. കാന്പസിൽ എസ്എഫ്ഐ യൂണിറ്റ് നേതാക്കൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്താൽ അവർ സംഘം ചേർന്ന് എത്തി മർദ്ദിക്കുന്നത് പതിവാണെന്നും വിദ്യാർഥികൾ പറഞ്ഞു.
സംഭവത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ റോഡ് ഉപരോധിച്ചു. വൻ പോലീസ് സന്നാഹം യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ ക്യാന്പ് ചെയ്യുന്നുണ്ട്. രണ്ടു ദിവസം മുൻപും കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
അടുത്തിടെ എസ്എഫ്ഐ നേതാക്കളുടെ മാനസിക പീഡനം മൂലം കോളജിലെ ഒരു വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഈ വിദ്യാർഥിനി പിന്നീട് മറ്റൊരു കോളജിലേക്ക് മാറുകയും ചെയ്തു.
മാധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ യൂണിറ്റ് നേതാക്കൾ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഒരു സംഘം കൈയേറ്റം ചെയ്തു. കോളജിലെ എസ്എഫ്ഐ പ്രവർത്തകരും ജില്ലാ നേതാക്കളും ചേർന്നാണ് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി കാന്പസിൽ നിന്നും ഇറക്കി വിട്ടത്.
വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്ഐ യൂണിറ്റ് നേതാക്കൾക്കെതിരേ വൻ പ്രതിഷേധമാണ് വിദ്യാർഥികൾ സംഘം ചേർന്ന് ഉയർത്തിയത്. പ്രതിഷേധക്കാർ കോളജിന് പുറത്ത് റോഡ് ഉപരോധിച്ചു. സംഘർഷം അറിഞ്ഞെത്തിയ ജില്ലാ നേതാക്കൾ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. യൂണിറ്റ് പിരിച്ചു വിടണമെന്ന് കോളജിലെ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പടെ നേതാക്കളോട് ആവശ്യപ്പെട്ടു.
ഇതിനിടെ കാന്പസിൽ എസ്എഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി ഓഫീസിലേക്ക് വിദ്യാർഥികൾ തള്ളിക്കയറാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി. ജില്ലാ നേതാക്കൾ ഉൾപ്പടെ കാന്പസിൽ എത്തി വിദ്യാർഥികളോട് സംസാരിച്ചെങ്കിലും സംഘർഷത്തിന് അയവ് വന്നില്ല. പോലീസ് കാന്പസിന് പുറത്ത് നോക്കുകുത്തിയായി നിന്നപ്പോൾ അധ്യാപകരാരും സംഘർഷ സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും പ്രതിഷേധക്കാരായ വിദ്യാർഥികൾ ആരോപിച്ചു.
കാന്പസിൽ ഇരുന്ന് പാട്ടുപാടിയതിന് ബിരുദ വിദ്യാർഥിയായ അഖിലിനെ എസ്എഫ്ഐ യൂണിറ്റ് നേതാക്കൾ ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തോടെയാണ് ഇന്ന് സംഘർഷം തുടങ്ങിയത്. രണ്ടു കുത്തേറ്റ വിദ്യാർഥി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേതുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു വിദ്യാർഥികൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സ തേടി.