തൊടുപുഴയില്‍ എസ്എഫ്‌ഐക്കാരുടെ അഴിഞ്ഞാട്ടം; പോലീസുകാരെ വളഞ്ഞിട്ട് തല്ലി, എസ്എഫ്‌ഐക്കാരുടെ ഗുണ്ടായിസം പുറത്തുകൊണ്ടുവന്നത് സിസിടിവി ക്യാമറ!

തൊടുപുഴ: പോലീസ് സ്‌റ്റേഷന് മുന്പില്‍ നടന്ന സംഘര്‍ഷം തടയാനെത്തിയ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് കേസില്‍ കണ്ടാല്‍ അറിയാവുന്ന 10 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരില്‍ എസ്എഫ്‌ഐ ഇടുക്കി ജില്ലാ നേതാക്കളായ ശരത്, ഷിജു എന്നിവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ രാത്രി തൊടുപുഴ പോലീസ് സ്‌റ്റേഷന് മുന്‍പിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വൈകിട്ടുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പേരില്‍ പോലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ കാണാന്‍ സ്‌റ്റേഷനില്‍ എത്തിയ ഒരു വിദ്യാര്‍ഥിയെ എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ട് തല്ലി. അക്രമം തടയാനെത്തിയ പോലീസുകാരനും നല്ല തല്ല് കിട്ടി. മുഖത്തേറ്റ അടികൊണ്ട് പോലീസുകാരന്‍ റോഡില്‍ തെറിച്ചു വീണു. പോലീസുകാരനെ മര്‍ദ്ദിക്കുന്നത് കണ്ട് സ്‌റ്റേഷനില്‍ നിന്നും എത്തിയ മറ്റ് രണ്ടു പോലീസുകാരെയും എസ്എഫ്‌ഐ അക്രമികള്‍ മര്‍ദ്ദിച്ചു.

എന്നാല്‍ ആവശ്യാനുസരണം തല്ലുകിട്ടിയിട്ടും തങ്ങളെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചില്ലെന്നായിരുന്നു പോലീസിന്റെ ആദ്യത്തെ നിലപാട്. പിന്നീട് നഗരസഭ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസുകാര്‍ തല്ലുവാങ്ങിക്കൂട്ടിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതോടെ അടികിട്ടിയ വിവരം സമ്മതിച്ച് പോലീസ് അക്രമികള്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അക്രമം നടത്തിയത് ഭരണകക്ഷിയില്‍പ്പെട്ട വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകരായതിനാലാണ് പോലീസ് സംഭവം ഒതുക്കാന്‍ ശ്രമിച്ചതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് തൊടുപുഴ എസ്‌ഐ വിഷ്ണുകുമാര്‍ പറഞ്ഞു.

 

Related posts