കാസര്‍ഗോഡ്: എസ്എഫ്ഐയുടെ കാര്‍ഡ് കൈയില്‍ കരുതാത്തതിന്റെ പേരിലുണ്ടായ ഭീഷണി മൂലം സ്കൂള്മാറിയ വിദ്യാര്‍ഥിയുടെ മൊബൈലിലേക്ക് വീണ്ടും ഭീഷണിസന്ദേശം. രാവണീശ്വരം ഗവ. സ്കൂളില്‍ നിന്ന് പെരിയ സ്കൂളിലേക്ക് മാറിയ കല്യോട്ട് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി ദീപക്കിന്റെ മൊബൈലിലാണ് കഴിഞ്ഞ ദിവസം “പെരിയയിലും ഞങ്ങള്‍ക്ക് ആളുകളുണ്ട്’ എന്ന ശബ്ദസന്ദേശം ലഭിച്ചത്.
കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശരത് ലാലിന്റെ പിതൃസഹോദരീപുത്രന്‍ ഉമേശന്റെ മകനാണ് ദീപക്. പ്ലസ് വണ്‍ ഏകജാലകത്തില്‍ സിപിഎം കേന്ദ്രമായ രാവണീശ്വരം സ്കൂളില്‍ പ്രവേശനം ലഭിച്ച ദീപക്കിനും നവാഗതരായ മറ്റു വിദ്യാര്‍ഥികള്‍ക്കും പ്രവേശനദിവസം സ്കൂളിലെത്തിയ എസ്എഫ്ഐ നേതാക്കള്‍ സംഘടനയുടെ കാര്‍ഡ് വിതരണം ചെയ്തിരുന്നു.
അടുത്തദിവസം സ്കൂളില്‍ വരുമ്പോള്‍ ഈ കാര്‍ഡ് കൊണ്ടുവരണമെന്ന് കല്പിക്കുകയും ചെയ്തു. അടുത്തദിവസം ഈ കാര്‍ഡ് കൊണ്ടുവരാതെ സ്കൂളിലെത്തിയ ദീപകിനോട് എസ്എഫ്ഐ നേതാക്കള്‍ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി സ്കൂള്മാറ്റത്തിനായി അപേക്ഷ നല്‍കിയത്.
എന്നാല്‍ സ്കൂള്മാറ്റത്തിനായി അപേക്ഷ നല്‍കിയതിന് തൊട്ടുപിന്നാലെ വിദ്യാര്‍ത്ഥിയുടെ മൊബൈലിലേക്ക് ഭീഷണി സന്ദേശങ്ങള്‍ എത്തുകയായിരുന്നു. ടിസി വാങ്ങാന്‍ ഇങ്ങോട്ടു വന്നാല്‍ കാണിച്ചുതരാമെന്ന ഭീഷണിയെ തുടര്‍ന്ന് പോലീസ് അകമ്പടിയോടെയാണ് ദീപക് രാവണീശ്വരം സ്കൂളിലെത്തി ടിസി വാങ്ങിയത്.
കഴിഞ്ഞദിവസങ്ങളില്‍ സന്ദേശങ്ങള്‍ വന്ന അതേ നമ്പറില്‍ നിന്നാണ് ഇപ്പോള്‍ “പെരിയയിലും ഞങ്ങള്‍ക്ക് ആളുകളുണ്ട്’ എന്ന ശബ്ദസന്ദേശം വന്നത്. ശരത് ലാലിനൊപ്പം കൊലചെയ്യപ്പെട്ട കൃപേഷിന് നേരത്തേ പെരിയ ഗവ.പോളിടെക്നിക് കോളജില്‍ പ്രവേശനം ലഭിച്ചപ്പോഴും സമാനമായ അനുഭവം നേരിടേണ്ടിവന്നിരുന്നു. ഒടുവില്‍ നിരന്തരമായ ഭീഷണിമൂലം പഠനം തുടരാനാകാതെ വന്നതോടെയാണ് കൃപേഷ് അച്ഛനോടൊപ്പം പെയിന്റിംഗ് ജോലിചെയ്യാനിറങ്ങിയത്.
എസ്എഫ്ഐയില്‍ ചേരാന്‍ താത്പര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം തന്നെ നിഷേധിക്കുന്ന സാഹചര്യം നിയുക്ത എംപി രാജ്മോഹന്‍ ഉണ്ണിത്താന്റേയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ദീപക്കിന്റെ ബന്ധുക്കള്‍ പറഞ്ഞു.