തൃശൂർ: പൗരത്വം ഭേദഗതി ബില്ലിനെ അനുകൂലിച്ച് എബിവിപി സെമിനാർ സംഘടിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ തൃശൂർ കേരളവർമ കോളജിൽ സംഘർഷം. എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് രണ്ടു എബിവിപി പ്രവർത്തകരെ മർദ്ദിച്ചവശരാക്കി. ഇരുവരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്തോടെയായിരുന്നു കോളജ് കാമ്പസിൽ സംഘർഷം അരങ്ങേറിയത്. പൗരത്വ നിയമത്തെ അനുകൂലിച്ച് സെമിനാർ നടത്താനുള്ള എബിവിപി നീക്കം ചോദ്യം ചെയ്താണ് എസ്എഫ്ഐക്കാർ എത്തിയത്. ക്ലാസിലിരിക്കുകയായിരുന്ന രണ്ടു പ്രവർത്തകരെ പത്തോളം വരുന്ന എസ്എഫ്ഐക്കാർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. അധ്യാപകർ എത്തിയതാണ് വിദ്യാർഥികളെ പിന്തിരിപ്പിച്ചത്. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഡൽഹിയിൽ ദേശീയ പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ എബിവിപി പ്രവർത്തകർ മർദിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് കേരളത്തിൽ എബിവിപി പ്രവർത്തകർക്കു മർദനമേൽക്കുന്നത്.