മുളങ്കുന്നത്തുകാവ്: ആരോഗ്യസർവകലാശാലയിൽ ബിരുദദാനചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച എസ്എഫ്ഐക്കാരെ പോലീസ് ബലമായി പിടിച്ചുനീക്കി. സ്ഥലത്ത് സംഘർഷം.
ഇന്നു രാവിലെ സിആർപിഎഫ് അടക്കമുള്ളവരുടെ സുരക്ഷയോടെ തൃശൂർ രാമനിലയത്തിൽ നിന്നും ആരോഗ്യസർവകലാശാലയിലേക്ക് എത്തിയ ഗവർണറുടെ വാഹനത്തിനു നേരെ വെളപ്പായ, വെളപ്പായ റോഡ് എന്നിവിടങ്ങളിൽ എസ്എഫ്ഐക്കാർ കരിങ്കൊടിയുമേന്തി ഗവർണറുടെ വാഹനത്തിനു മുന്നിലെത്തി.
ചാടിയിറങ്ങിയ പോലീസും മറ്റു സുരക്ഷസേനാംഗങ്ങളും ഇവരെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ കരിങ്കൊടിയുമായി മുന്നോട്ടു കുതിക്കാൻ നോക്കി. എന്നാൽ കൂടുതൽ പോലീസെത്തി പ്രവർത്തകർ തടഞ്ഞുകീഴ്പ്പെടുത്തി ജീപ്പിലേക്കു മാറ്റി.
വനിതാപ്രവർത്തകരടക്കം പതിനഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തങ്ങളെ പോലീസ് മുഖത്തും കണ്ണിലും മർദ്ദിച്ചെന്നാരോപിച്ച് പ്രവർത്തകർ പോലീസ് സ്റ്റേഷനിലെ ബഹളം വെച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചു.കഴിഞ്ഞ ദിവസം അഞ്ച് എസ്എഫ്ഐ പ്രവർത്തകര പോലീസ് കരുതൽ തടങ്കലെന്ന നിലയിൽ കസ്റ്റഡിയിലെടുത്തിരുന്നു.
രണ്ടു ദിവസത്തെ പരിപാടികളാണ് തൃശൂരിൽ ഗവർണർക്കുള്ളത്. ഗവർണർ താമസിക്കുന്ന തൃശൂർ രാമനിലയത്തിന്റെ സുരക്ഷ സിആർപിഎഫും പോലീസുമാണ് ഏറ്റെടുത്തിട്ടുള്ളത്.രാമനിലയം-ടൗണ്‍ഹാൾ റോഡ് എന്നിവിടങ്ങളിൽ നിരവധി പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ