കോട്ടയം: സിഎംഎസ് കോളജിൽ ഇന്നലെയുണ്ടായ എസ്എഫ്ഐ-കാന്പസ് ഫ്രണ്ട് സംഘർഷത്തിന് അഭിമന്യു കൊലചെയ്യാനിടയായ മഹാരാജാസ് കോളജിലെ സംഭവവുമായി സാമ്യം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സിഎംഎസ് കോളജ് കവാടത്തിലെ റോഡിൽ നേരത്തേ കാന്പസ് ഫ്രണ്ട് എന്ന് എഴുതിയിരുന്നു.
പിന്നീട് സർവകലാശാലയുടെ ഏതോ പരിപാടിയുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കാർ അവിടെ വെള്ളയടിച്ച് വർഗീയത തുലയട്ടെ എന്ന് എഴുതി. ഇന്നലെ അവിടെ വീണ്ടും കാന്പസ് ഫ്രണ്ട് എന്ന് എഴുതാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. ഏതാണ്ട് ഇതേ സംഭവം തന്നെയാണ് മഹാരാജാസ് കോളജിലും ഉണ്ടായത്. അന്നുണ്ടായ സംഘർഷത്തിലാണ് അഭിമന്യു കൊലചെയ്യപ്പെട്ടത്.
ഇന്നലെ സിഎംഎസ് കോളജ് കവാടത്തിലുണ്ടായ സംഘർഷത്തിൽ നാലു പേർക്ക് പരിക്കുണ്ട്. ഇതിൽ മൂന്നു പേർ വിദ്യാർഥികളും ഒരാൾ കലോത്സവം കാണാൻ എത്തിയ ആളുമാണ്. കാന്പസ് ഫ്രണ്ട് പ്രവർത്തകരുടെ പരാതിയിൽ കണ്ടാൽ അറിയാവുന്ന 20 എസ്എഫ്ഐ പ്രവർത്തകർക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരിക്കേറ്റ നാലു പേരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലും പട്ടികയും ഉപയോഗിച്ചുള്ള അടിയും ഇടിയും ഏറുമാണുണ്ടായത്. ഒരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. തലയിൽ 10 സെന്റി മീറ്റർ നീളത്തിൽ വരെ മുറിവേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സിഎംഎസ് കോളജിൽ കൂടുതൽ പോലീസിനെ നിയോഗിച്ചു.
കോലോത്സവ വേദികളായ കോളജുകളുടെ സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെ നിയോഗിച്ചതായി ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ, ഡിവൈഎസ്പി ജയകുമാർ എന്നിവർ അറിയിച്ചു. രണ്ടു സിഐമാരുടെ നേതൃത്വത്തിൽ വൻ പോലീസ് സേനയെ ആണ് സിഎംഎസ് കോളജ് പടിക്കൽ വിന്യസിപ്പിച്ചിരിക്കുന്നത്.
കുമ്മനം കറുത്തോറ ജസീൽ (21), കുമ്മനം റെസീന മൻസിൽ അൻസിൽ (33), ഇല്ലിക്കൽ കളത്തിൽപറന്പിൽ അലോഷ് ടിജു (20), എന്നിവർക്കാണ് പരിക്കേറ്റത്. അൻസിൽ കലോത്സവം കാണാൻ എത്തിയ ആളാണ്.