ചാത്തന്നൂർ: ചാത്തന്നൂർ എംഇഎസ് എഞ്ചിനീയറിംഗ് കോളജിൽ വിദ്യാർഥി സംഘടനകൾ ഏറ്റുമുട്ടിയ സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്ന ്ചാത്തന്നൂർ എസിപി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരാണ് പിടിയിലായത്. സിസി കാമറയിലെ ദൃശ്യങ്ങൾപരിശോധിച്ചുവരികയാണെന്നും വരംുദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും എസിപി പറഞ്ഞു.
കാമ്പസ് ഫ്രണ്ട് -എസ്എഫ്ഐ സംഘർഷത്തിൽ നാലു പേർക്ക് കുത്തേറ്റു. എസ്എഫ്ഐ ചാത്തന്നൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിനീത്(24), ഏരിയ ജോ.സെക്രട്ടറി അഭിരാം(22), പോപ്പുലർ ഫ്രണ്ട് കൊട്ടിയം ഏരിയ പ്രസിഡന്റ് റമീസ് (38), എസ്ഡിപിഐ മയ്യനാട് കൂട്ടിക്കട യൂണിറ്റ് പ്രസിഡന്റ് അഷ്കർ (43) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ എസ്എഫ്ഐ നേതാക്കളെ പാരിപ്പളളി മെഡിക്കൽ കോളജിലും മറ്റ് രണ്ടുപേരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവങ്ങളുടെ തുടക്കം. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോളജിന് മുമ്പിൽ ഇവരുടെ വിദ്യാർഥി വിഭാഗമായ കാമ്പസ് ഫ്രണ്ടിന്റെ കൊടി മരം സ്ഥാപിക്കാൻ എത്തിയതാണ് സംഘർഷത്തിന് കാരണം.
വൈകുന്നേരം തിരുമുക്ക് ജംഗ്ഷനിൽ നിന്നും അമ്പതോളം പേരടങ്ങിയ സംഘം പ്രകടനമായി കോളജിന് മുന്നിലെത്തി കൊടിമരം നാട്ടുകയായിരുന്നു.കോളജിന് മുന്നിൽ സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. തുടർന്ന് സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു.