കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു(20) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളിൽ ചിലർ സംസ്ഥാനംവിട്ടതായി സൂചന. അസൂത്രീതമായ കൊലപാതകത്തിനുശേഷം എസ്ഡിപിഐ-കാന്പസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികളിൽ ചിലരെ ഞായറാഴ്ച രാത്രിയിൽതന്നെ സമീപ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ മാറ്റിയതായാണു അന്വേഷണ സംഘത്തിൽനിന്നു ലഭിക്കുന്ന വിവരം.
അതേസമയംതന്നെ സംഭവത്തിൽ പ്രതികളായ 15 പേരിൽ ഏതാനുംപേർ ഇപ്പോഴും സമീപ ജില്ലകളിലെ ഒളിത്താവളങ്ങളിൽ കഴിയുന്നുണ്ടെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇവരെ പിടികൂടുന്നതിന്റെ ഭാഗമായി രാത്രിയിൽ ഉൾപ്പെടെ വ്യാപക പരിശോധനയാണു പോലീസ് നടത്തിവരുന്നത്. അതേസമയം, പ്രതികളിൽ ഭൂരിഭാഗംപേരും നേരത്തേ തങ്ങൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ കൊലപാതകത്തിനുശേഷം ഉപയോഗിക്കുന്നില്ലെന്നു പോലീസ് കണ്ടെത്തി.
മൊബൈൽഫോണ് വിളികളുടെ പരിശോധനയിൽ തങ്ങൾ ഒളിവിൽ കഴിയുന്നത് എവിടെയെന്നു തിരിച്ചറിയാതിരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണു ഇതെന്നും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമായാണു കൊലപാതകം നടത്തിയതെന്നു പോലീസ് പറയുന്നു.
വാക്കുതർക്കത്തിൽ തീരേണ്ട വിഷയം കൊലപാതകത്തിൽ കലാശിച്ചതും ഏതാനും സമയങ്ങൾക്കുള്ളിൽ വിവിധ ജില്ലകളിൽനിന്നുള്ള പ്രതികൾ സ്ഥലത്തെത്തിയതെല്ലാം ഇതിന് തെളിവായി പോലീസ് പറയുന്നു. ഇതിനാൽതന്നെ സംഭവശേഷം പ്രധാന പ്രതികളിൽ ചിലരെയെങ്കിലും സംസ്ഥാനത്തിനു പുറത്തേയ്ക്കു മാറ്റിയിരിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നതായാണു പോലീസ് പറയുന്നത്. ഏതാനും നാളുകൾ പോലീസിനെ വട്ടംകറക്കിയശേഷം ഏതെങ്കിലും കോടതിയിൽ കീഴടങ്ങുകയാകും ലക്ഷ്യമെന്നും അധികൃതർ വിവരിക്കുന്നു.
അതേസമയം, നിലവിൽ റിമാൻഡിലായ മൂന്നു പ്രതികൾക്കെതിരേയും കൊലപാതക കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഇനി പിടിയിലാകാനുള്ള ഏതാനും പ്രതികൾക്കെതിരേയും കൊലപാതക കുറ്റം ചുമത്തുമെന്നും പോലീസ് പറഞ്ഞു.
അതേസമയം, റിമാൻഡിലായ കോട്ടയം കങ്ങഴ ചിറക്കൽ വീട്ടിൽ ബിലാൽ (19), മഹാരാജാസിൽ ഒന്നാംവർഷ അറബിക് ബിരുദ പഠനത്തിന് ചേർന്ന പത്തനംതിട്ട കുളത്തൂർ നാലകത്തിനാൽ ഫറൂക്ക് (19), ഫോർട്ട് കൊച്ചി പുതയാനി റിയാസ്(37) എന്നിവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പോലീസ് അപേക്ഷ നൽകി.
തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. അതേസമയം, പാസ്പോർട്ടുള്ള പ്രതികൾക്കെതിരേ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള പോലീസിന്റെ നീക്കം അവസാനഘട്ടത്തിലാണ്.
നടപടികൾ പൂർത്തിയായി ഇന്നുതന്നെ ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണു ലഭിക്കുന്ന വിവരം. കോളജിലെ രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയും വട്ടവട കൊട്ടക്കാന്പുർ സൂപ്പാവീട്ടിൽ മനോഹരന്റെ മകനുമായ അഭിമന്യു ഞായറാഴ്ച അർധരാത്രിയാണു കൊല്ലപ്പെട്ടത്.