വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ കാമ്പസിൽ നടന്നതെന്തെന്ന് കേരളം ഏതാണ്ട് വ്യക്തമായിത്തന്നെ മനസിലാക്കിക്കഴിഞ്ഞു. സിദ്ധാർഥൻ എന്ന വിദ്യാർഥി ആത്മഹത്യ ചെയ്തതാണോ അതോ കെട്ടിത്തൂക്കിക്കൊന്നതാണോ എന്നു മാത്രമേ ഇനി വെളിപ്പെടാനുള്ളൂ. ആത്മഹത്യയാണെങ്കിൽത്തന്നെ അത് ക്രൂരപീഡനത്തിന്റെ ഫലമായുണ്ടായ മരണമെന്ന നിലയിൽ കൊലപാതകംതന്നെയാണ്.
എസ്എഫ്ഐ എന്ന ക്രിമിനൽ സംഘത്തിന്റെ നിഷ്ഠുര ചെയ്തികൾക്കൊണ്ടു മലയാളികളുടെ തല പാതാളത്തോളം താണിരിക്കുന്നു. മനഃസാക്ഷിയെന്ന വികാരമുള്ള ഏതൊരാളുടെയും ഉള്ളുപിടയുന്ന ക്രൂരകൊലപാതകത്തിന്റെ വാർത്ത പക്ഷേ കേരളത്തിന്റെ സാംസ്കാരിക നായകരെന്നു മേനിനടിക്കുന്ന വരേണ്യവർഗം അറിഞ്ഞതായിപ്പോലും ഭാവിച്ചിട്ടില്ല. സിപിഎം പ്രതിസ്ഥാനത്തുള്ള അതിക്രമങ്ങളോട് നിങ്ങൾ പതിവായി കാട്ടുന്ന ഭീരുത്വം നിറഞ്ഞ നിസംഗത ഇവിടെയും നിങ്ങൾ ആവർത്തിക്കുന്നു. ലജ്ജയില്ലേ നിങ്ങൾക്ക്?
കേരളത്തിലെന്നല്ല, പലസ്തീനിലടക്കം ലോകത്തെവിടെയും മനുഷ്യാവകാശം ധ്വംസിക്കപ്പെടാൻ അനുവദിക്കാത്ത സമരസംഘടനയാണല്ലോ ഇപ്പോൾ ആർഷോ നയിക്കുന്ന കേരളത്തിലെ എസ്എഫ്ഐ. കഴിഞ്ഞവർഷം ജൂണിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഒരു വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തപ്പോൾ ആർഷോ നേരിട്ടെത്തിയാണ് ആഭാസസമരം നയിച്ചത്.
എന്തെല്ലാം അതിക്രമങ്ങളാണ് അന്നവിടെ കാട്ടിക്കൂട്ടിയത്? നിങ്ങൾ മറന്നാലും പൊതുജനത്തിനത് മറക്കാനാവില്ല. നിങ്ങൾക്കു പിന്തുണ നൽകാൻ മന്ത്രിമാരടക്കം ഓടിയെത്തി. നിങ്ങൾ പ്രതിസ്ഥാനത്തല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധിക്കാൻപോലും രംഗത്തെത്തിയില്ല. ലജ്ജയില്ലേ നിങ്ങൾക്ക്?
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിങ്ങളെ വിളിക്കുന്ന “ക്രിമിനൽ’ എന്ന വിശേഷണം അന്വർഥമാണെന്ന് എസ്എഫ്ഐ വീണ്ടും തെളിയിച്ചിരിക്കുന്നു. രാഷ്ട്രീയ കേരളത്തിന് എസ്എഫ്ഐ കളങ്കമായിക്കഴിഞ്ഞു.
നിങ്ങളെ സംരക്ഷിക്കുന്ന ഭരണ-രാഷ്ട്രീയ നേതൃത്വം കേരളത്തിലെ യുവജനതയോടാണ് മാപ്പർഹിക്കാത്ത അപരാധം ചെയ്യുന്നത്. എസ്എഫ്ഐ കാട്ടിക്കൂട്ടുന്ന എല്ലാ വൃത്തികേടുകൾക്കും പിന്തുണ നൽകുന്ന പാർട്ടി നേതൃത്വം കേരള രാഷ്ട്രീയത്തെ ദുഷിപ്പിക്കുന്നുവെന്ന് പറയാതെവയ്യ. ലജ്ജയില്ലേ നിങ്ങൾക്കും?
എസ്എഫ്ഐക്കു കുടപിടിച്ച് സുഖകരമായി ജോലിചെയ്യുന്ന അധ്യാപകരുടെ പരിതാപകരമായ അവസ്ഥയിലും കേരളം ലജ്ജിക്കണം. അന്തസുണ്ടെങ്കിൽ പൂക്കോട് വെറ്ററിനറി കോളജ് കാമ്പസിലെ അധ്യാപകർ സത്യം തുറന്നുപറയാൻ തയാറാകണം.
നിങ്ങൾ പഠിപ്പിച്ചു വിടുന്നവർ ചികിത്സിക്കുന്ന ജീവികളോടുപോലും സഹതപിക്കേണ്ടിവരുന്ന അവസ്ഥയായിരിക്കുന്നു. അധ്യാപകസമൂഹത്തിനാകമാനം മാനക്കേടുണ്ടാക്കിയ നിങ്ങളും ലജ്ജിക്കണം.
വാർത്താ വീക്ഷണം /സി.കെ. കുര്യാച്ചൻ